ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്ക്പോര് ഒടുക്കം ഐസിസിയുടെ നടപടിയിലേക്ക് എത്തി. ഇരുവരും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത ശിക്ഷയാണ് ഐസിസി വിധിച്ചത്.
അഡ്‍ലെയ്ഡ് ടെസ്റ്റില്‍ ശക്തമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചതിന് സിറാജിന് മാച്ച് ഫീസിന്‍റെ 20 ശതമാനമാണ് പിഴ ചുമത്തിയത്. താക്കീതാണ് ഹെഡിന് ഐസിസി വിധിച്ച ശിക്ഷ. ഇരു താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്‍റ് വീതം നല്‍കി. 24 മാസത്തിനിടെ ആദ്യമായാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്.
താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമുള്ള പെരുമാറ്റച്ചട്ടം സിറാജ് ലംഘിച്ചു എന്ന് കാണിച്ചാണ് ഐസിസി നടപടി. ഐസിസി പെരുമാറ്റചട്ടം 2.5ന്‍റെ ലംഘനമാണ് സിറാജ് നടത്തിയത്. ബാറ്റ്സ്മാനെ പുറത്താക്കിയതിന് ശേഷം ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്ന ഭാഷയോ പ്രവൃത്തിയോ ആംഗ്യങ്ങള്‍ക്കോ എതിരെയുള്ള നടപടിയാണ് ഈ ചട്ടം പറയുന്നത്.
ഹെഡിന് എതിരെ വന്ന നടപടി ഇതേ ചട്ടം 2.13 പ്രകാരമാണ്. രാജ്യാന്തര മത്സരത്തിനിടെ താരങ്ങള്‍ക്കോ, സപ്പോര്‍ട്ടിങ് സ്റ്റാഫിനോ, അംപയര്‍ക്കോ, മാച്ച് റഫറിക്കോ എതിരെ താരങ്ങള്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ഈ ചട്ടത്തില്‍ നടപടി പറയുന്നത്.
24 മാസത്തിനിടെ ഇരുവര്‍ക്കും ലഭിക്കുന്ന ആദ്യ ഡീമെറിറ്റ് പോയിന്‍റാണിത്. 24 മാസത്തിനിടെ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഇവ സസ്പെന്‍ഷന്‍ പോയിന്‍റായി കണക്കാക്കും. രണ്ട് സസ്പെന്‍ഷന്‍ പോയിന്‍റ് ലഭിച്ചാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ നിന്നോ വിലക്ക് ലഭിക്കും.
മാച്ച് റഫറിമാരുടെ ചീഫ് രഞ്ജൻ മദുഗല്ലെയ്ക്ക് മുന്‍പാകെ താരങ്ങള്‍ കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് ഐസിസി വ്യക്തമാക്കി.
അഡ്‍ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സില്‍ 140 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം സിറാജ് നടത്തിയ ആഹ്ളാദ പ്രകടനമാണ് വിവാദമായത്. ഇതിന് ഗ്രൗണ്ടില്‍ വച്ച് ഹെഡ് മറുപടിയും നല്‍കിയിരുന്നു.
'നന്നായി പന്തെറിഞ്ഞു' എന്നാണ് സിറാജിനോട് പറഞ്ഞത് എന്നാണ് ട്രാവിസ് ഹെഡിന്‍റെ വാദം. എന്നാല്‍ ഇത് കളവാണെന്ന് സിറാജും പറയുന്നു. ’നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. എന്റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും. ട്രാവിസ് ഹെഡ് ചെയ്ത കാര്യങ്ങൾ തെറ്റാണ്’ എന്ന് സിറാജ് മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.