ഓസ്‌ട്രേലിയയ്‌ക്കെതിരെ ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയുടെ ദിവസമായിരുന്ന ഇന്നും. മൂന്നാം ദിവസം ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ തുടരെ നഷ്ടമാകുകയാണ്. മത്സരത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിയന്ത്രണം നഷ്ടമാകുന്ന സന്ദര്‍ഭവും ബ്രിസ്ബേനിലുണ്ടായി. പേസർ ആകാശ് ദീപ് എറിഞ്ഞ പന്തിനോടുള്ള പ്രതികരണമായാണ് രോഹിത് ശര്‍മ ചൂടായത്.
ഓസ്‌ട്രേലിയന്‍ ഇന്നിങ്സിന്‍റെ 114-ാം ഓവറിലാണ് സംഭവം. ആകാശ് ദീപ് എറിഞ്ഞ പന്ത് പിച്ചിന്‍റെ പുറത്താണ് വന്ന് പതിച്ചത്. വൈഡായ പന്ത് കയ്യിലൊചുക്കാന്‍ റിഷഭ് പന്ത് കാര്യമായി പണിപ്പെട്ടു. ഇതിന് പിന്നാലെയാണ് രോഹിത് ആകാശിനോട് ചൂടായത്. 'നിന്‍റെ തലയില്‍ എന്തെങ്കിലുമുണ്ടോ?' എന്നാണ് രോഹിത് തലയില്‍ ചൂണ്ടികൊണ്ട് പറഞ്ഞത്. രോഹിതിന്‍റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് കൃത്യമായി പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം ബ്രിസ്‌ബേനിൽ ഇന്ത്യന്‍ തിരിച്ചടി തുടരുകയാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സിലാണ്. വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരിക്കെ ഇന്ത്യയ്ക്ക് രക്ഷയായത് കാലാവസ്ഥയാണ്. 33 റണ്‍സെടുത്ത കെഎല്‍ രാഹുലും റണ്‍സൊന്നുമെടുക്കാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍.
ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് 445 റണ്‍സിനാണ് അവസാനിച്ചത്. 394 റണ്‍സ് അകലെയാണ് ഇന്ത്യന്‍ സ്കോര്‍. ഇന്ത്യയ്ക്ക് ഫോളോ–ഓണ്‍ ഒഴിവാക്കാന്‍ 245 റണ്‍സ് കൂടി വേണം. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ചെങ്കിലും രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ വീണ്ടും യശ്‍സ്വി ജയ്സ്വള്‍ വീണു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ജോഷ് ഹേസിൽവുഡ് എന്നിവരുടെ ഓപ്പണിങ് ബൗളിങില്‍ ഇന്ത്യയ്ക്ക് യശ്സ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പാറ്റ് കമ്മിന്‍സനാണ് റിഷഭ് പന്തിന്‍റെ വിക്കറ്റ്.
ഇന്ത്യയ്ക്കായി ജസപ്രിത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.