കരിയറിലെ അവസാന ടെസ്റ്റിന് റെക്കോര്‍ഡുകളോടെ മാറ്റുകൂട്ടി ന്യൂസീലാന്‍ഡ് ഓള്‍റൗണ്ടര്‍ ടിം സൗത്തി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിക്കുന്ന താരങ്ങളുടെ പട്ടികയില്‍ സൗത്തി സാക്ഷാല്‍ ക്രിസ് ഗെയ്‍ലിനൊപ്പം നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ഒന്നാമിന്നിങ്സില്‍ വെറും 10 പന്തുകളില്‍ നിന്ന് താരം മൂന്ന് സിക്സുകളടക്കം 23 റണ്‍സെടുത്തു. 107 മല്‍സരങ്ങളില്‍ 155 ഇന്നിങ്സുകളില്‍ നിന്ന് 98 സിക്സറുകളാണ് സൗത്തിയുടെ സമ്പാദ്യം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ന്യൂസീലാന്‍ഡ് ആശ്വാസജയം തേടിയാണ് ഹാമില്‍ട്ടണില്‍ കളത്തിലിറങ്ങിയത്. പത്താമനായി ക്രീസിലെത്തിയ ടിം സൗത്തിയെ ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ ഇരുവശത്തും നിരന്നുനിന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് സൗത്തിക്ക് ഹസ്തദാനം നല്‍കി. ക്രീസില്‍ സൗത്തിയുടെ താണ്ഡവമായിരുന്നു. വെറും 10 പന്തില്‍ മൂന്ന് സിക്സറുകളടക്കം 23 റണ്‍സ്. അറ്റ്കിന്‍സന്‍റെ പന്തില്‍ കാഴ്സിന് ക്യാച്ച് നല്‍കി മടക്കം.
ഹാമില്‍ട്ടണില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തീരുമാനം തെറ്റിയോ എന്ന് തോന്നിപ്പിക്കും വിധമാണ് ന്യൂസീലാന്‍ഡ് ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്തത്. ക്യാപ്റ്റന്‍ ലാഥവും വില്‍ യങ്ങും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 105 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട്. ലാഥം 63 റണ്‍സും യങ് 42 റണ്‍സും നേടി. കെയ്ന്‍ വില്യംസണും മിച്ചല്‍ സാന്‍റ്നറും ബാറ്റിങ് മികവ് തുടര്‍ന്നതോടെ ആതിഥേയര്‍ ഭേദപ്പെട്ട നിലയിലെത്തി. സാന്‍റ്നര്‍ പുറത്താകാതെ 50 റണ്‍സെടുത്തു. സൗത്തിയുടെ വെടിക്കെട്ട് കൂടിയായതോടെ സ്കോര്‍ 300 കടന്നു. പതിനൊന്നാമന്‍ വില്‍ ഒറോര്‍ക്കാണ് സാന്‍റ്നര്‍ക്ക് കൂട്ട്.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്‍റെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ റെക്കോര്‍ഡ്. 110 മല്‍സരങ്ങളില്‍ നിന്ന് 133 സിക്സറുകള്‍! ബ്രെന്‍ഡന്‍ മക്കല്ലം (107), ആഡം ഗില്‍ക്രിസ്റ്റ് (100) എന്നിവരാണ് തൊട്ടുപിന്നില്‍. ടിം സൗത്തിയും ക്രിസ് ഗെയ്‍ലും പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചാല്‍ സിക്സറുകളുടെ എണ്ണത്തില്‍ ഗെയ്‍ലിനെയും ഗില്‍ക്രിസ്റ്റിനെയും മറികടക്കാന്‍ സൗത്തിക്ക് അവസരമുണ്ട്.