മെല്‍ബണ്‍ ടെസ്റ്റില്‍ തോറ്റശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ടീം

  • ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി എന്ത്?
  • സിഡ്നി ടെസ്റ്റ് ജയിക്കണം; ഓസ്ട്രേലിയ ശ്രീലങ്കയില്‍ പതറണം

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് അധികം ആശങ്കപ്പെടേണ്ടി വരില്ലായിരുന്നു. പക്ഷേ ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും തോറ്റമ്പിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എന്നാല്‍ സാങ്കേതികമായി സാധ്യത അവസാനിച്ചിട്ടുമില്ല. അതിന് ആദ്യം സിഡ്നി ടെസ്റ്റില്‍ ജയിക്കണം. മാത്രമല്ല ഇനി നടക്കാനിരിക്കുന്ന ഓസ്ട്രേലിയ–ശ്രീലങ്കപരമ്പരയുടെ ഫലം അനുകൂലമായാലേ ഇന്ത്യയ്ക്ക് ഫൈനല്‍ സ്വപ്നം കാണാനാകൂ.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ആഹ്ളാദം

പാക്കിസ്ഥാനെതിരെ സെഞ്ചൂറിയനില്‍ നേടിയ ആവേശകരമായ വിജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇടംപിടിച്ചുകഴിഞ്ഞു. പോയന്‍റ് നിലയില്‍ ഇപ്പോള്‍ ഓസ്ട്രേലിയയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യ മൂന്നാമതും. ന്യൂസീലാന്‍ഡും ശ്രീലങ്കയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇതില്‍ ന്യൂസീലാന്‍ഡിന് ഇനി മല്‍സരങ്ങളില്ലാത്തതിനാല്‍ അവരുടെ സാധ്യത അടഞ്ഞു. ശേഷിക്കുന്നത് ഓസ്ട്രേലിയയും ഇന്ത്യയും ശ്രീലങ്കയുമാണ്. ഈ മൂന്ന് ടീമുകള്‍ക്കുമുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ.

ഓസ്ട്രേലിയ: സിഡ്നി ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഓസ്ട്രേലിയ നേരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ എത്തും. വരുന്ന ശ്രീലങ്ക–ഓസ്ട്രേലിയ പരമ്പരയുടെ ഫലമെന്തായാലും അവര്‍ക്ക് 57.02 പോയന്‍റാകും. ശ്രീലങ്കയ്ക്ക് അപ്പോള്‍ 53.85 പോയന്‍റും ഇന്ത്യയ്ക്ക് 50 പോയന്‍റുമേ ഉണ്ടാകൂ. സിഡ്നി ടെസ്റ്റ് സമനിലയിലായാലും ഓസ്ട്രേലിയ ഇന്ത്യയെക്കാള്‍ മുന്നിലാകും. അപ്പോള്‍ പക്ഷേ ശ്രീലങ്കയ്ക്ക് അവസരമാകും. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ രണ്ട് ടെസ്റ്റും ഓസ്ട്രേലിയ തോറ്റാല്‍ നേരിയ വ്യത്യാസത്തില്‍ ശ്രീലങ്ക ഫൈനലിലെത്തും. സിഡ്നി ടെസ്റ്റില്‍ തോറ്റാല്‍ ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയില്‍ ഒരു ടെസ്റ്റെങ്കിലും ജയിക്കണം. ശ്രീലങ്ക പരമ്പര 1–1 സമനിലയിലായാലും ഓസ്ട്രേലിയയ്ക്കാണ് സാധ്യത.

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പിച്ച ഓസ്ട്രേലിയന്‍ താരങ്ങളുടെ ആഹ്ളാദം

ഇന്ത്യ: ഫൈനല്‍ സ്വപ്നം കാണണമെങ്കില്‍ ഇന്ത്യയ്ക്ക് സിഡ്നി ടെസ്റ്റ് ജയിച്ചേ മതിയാകൂ. അതോടെ ഇന്ത്യയ്ക്ക് 55.26 പോയന്‍റാകും. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഒരു സമനിലയില്‍ കൂടുതലൊന്നും ഓസ്ട്രേലിയയ്ക്ക് ലഭിക്കുകയുമരുത്. അങ്ങനെ വന്നാല്‍ ഓസ്ട്രേലിയയ്ക്ക് 53.51 പോയന്‍റും ശ്രീലങ്കയ്ക്ക് 48.72 പോയന്‍റുമാകും. സിഡ്നി ടെസ്റ്റ് സമനിലയിലായാല്‍ ഇന്ത്യയ്ക്ക് മറ്റൊന്നും ചിന്തിക്കാനില്ല. കാരണം ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റും തോറ്റാലും ഓസ്ട്രേലിയ പോയന്‍റ് നിലയില്‍ ഇന്ത്യയ്ക്ക് മുന്നിലെത്തും. പക്ഷേ അങ്ങനെ വന്നാല്‍ ശ്രീലങ്ക (53.85) നേരിയ വ്യത്യാസത്തില്‍ ഓസീസിനെ (53.51) മറികടന്ന് ഫൈനലില്‍ ഇടംപിടിക്കും.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ മെല്‍ബണില്‍

ശ്രീലങ്ക: ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ എത്താന്‍ ശ്രീലങ്കയ്ക്ക് ഒറ്റ വഴിയേ ഉള്ളു. സിഡ്നി ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ഓസ്ട്രേലിയ ശ്രീലങ്കയോട് 2–0ന് തോല്‍ക്കുകയും ചെയ്യുക. ഈ സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് 53.85 പോയന്‍റാകും. ഓസ്ട്രേലിയയും (53.51) ഇന്ത്യയും (51.75) പുറത്താകുകയും ചെയ്യും. സിഡ്നിയില്‍ ഇന്ത്യ ജയിച്ചാല്‍ ശ്രീലങ്കയുടെ സാധ്യത അവിടെ അവസാനിക്കും.

ENGLISH SUMMARY:

India's chances of reaching the World Test Championship (WTC) final now depend on winning the Sydney Test and the results of the upcoming Australia-Sri Lanka series. South Africa has already secured a spot in the final, while Australia, India, and Sri Lanka are still in contention. Australia will qualify directly if they defeat India in Sydney, or with favorable results in the Sri Lanka series. For Sri Lanka, their only path to the final is if the Sydney Test ends in a draw and they win the series against Australia 2-0.