ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിക്കിടെ ആര്‍. അശ്വിന്‍ വിരമിച്ചതിനെ ചൊല്ലി വിവാദം ചൂടുപിടിക്കുമ്പോള്‍ അശ്വിന്‍റെ വിരമിക്കല്‍ ഒരു തുടക്കം മാത്രമാണെന്നും മുതിര്‍ന്ന ഒന്നിലേറെ താരങ്ങള്‍ പരമ്പരയോടെയോ പരമ്പരയ്ക്ക് ശേഷമോ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ തലമുറയ്ക്കായി മുതിര്‍ന്നവര്‍ കളമൊഴിഞ്ഞേക്കുമെന്ന സൂചനകള്‍ ക്യാപ്റ്റനടക്കം ഇതിനകം നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ജൂണിലാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ തലമുറമാറ്റം സംഭവിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. അശ്വിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒജി തലമുറ' ഈ വര്‍ഷത്തോടെ പാഡഴിക്കുമെന്ന് സാരം.
2012–13ല്‍ രാഹുല്‍ ദ്രാവിഡും സച്ചിനും ലക്ഷ്മണും കളമൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിനെ ചുമലിലേറ്റിയവരാണ് അശ്വിനും കോലിയും രോഹിതും രഹാനെയും പൂജാരെയും രവീന്ദ്ര ജഡേജയുമെല്ലാം. ഇക്കൂട്ടത്തില്‍ അശ്വിന്‍ ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തതാരെന്നാണ് എല്ലാവരും കാത്തിരിക്കുന്നതും. 10 റണ്‍സ് മാത്രമെടുത്ത് ഗാബയിലെ ഒന്നാം ഇന്നിങ്സില്‍ പുറത്തായതിന് പിന്നാലെ ഡഗൗട്ടിലെത്തും മുന്‍പ് നിരാശനായി ഗ്ലൗസ് ഊരിയെറിഞ്ഞ രോഹിത് ശര്‍മ തന്നെയാണ് അഭ്യൂഹപ്പട്ടികയില്‍ ഒന്നാമന്‍. ബാറ്റിങ് ഓര്‍ഡര്‍ മാറ്റി പരീക്ഷിച്ചിട്ടും ഫോം കണ്ടത്താനാവാതെ ഉഴറിയ രോഹിത്, െമല്‍ബണിലും സിഡ്നിയിലും കൂടി പരാജയപ്പെട്ടാല്‍ ക്യാപ്റ്റന്‍ പദവിയൊഴിയുന്നതിനൊപ്പം വിരമിക്കലും പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
'കളിക്കുന്നവര്‍ക്കായി ടീമിന്‍റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെ' ആവര്‍ത്തിച്ചുള്ള രോഹിതിന്‍റെ പറച്ചില്‍ അശ്വിനുള്ള മുന്നറിയിപ്പായിരുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. അശ്വിന്‍റെ വിരമിക്കല്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് ബിസിസിഐ പറയുന്നുണ്ടെങ്കിലും ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അശ്വിന്‍റെ തീരുമാനം മുന്‍കൂട്ടിയെടുത്തതായിരുന്നോ, അതോ പെട്ടെന്നുള്ളതായിരുന്നോ എന്നൊക്കെ ഈ ഘട്ടത്തില്‍ വിലയിരുത്തുക അല്‍പം പ്രയാസമാണെങ്കിലും ഇന്ത്യന്‍ ടീം വലിയൊരു മാറ്റത്തിലൂടെ കടന്ന് പോകുകയാണ്. 2025 ലെ ടെസ്റ്റ് പരമ്പരയില്‍ പുതിയ ടീമാകുമെന്നും മുതിര്‍ന്നവര്‍ക്ക് ഇതിന്‍റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, അശ്വിനോട് വിരമിക്കുന്നതിനെ കുറിച്ച് ആരും സംസാരിച്ചിട്ടില്ലെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഡ്രസിങ് റൂമില്‍ മുറുമുറുപ്പുകള്‍ ഉടലെടുത്തിരുന്നുവെന്നും അശ്വിനും ഇതേക്കുറിച്ച് അറിവുണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. പെര്‍ത്ത് ടെസ്റ്റില്‍ അശ്വിനെ പുറത്തിരുത്താനുള്ള തീരുമാനം കൃത്യമായ മുന്നറിയിപ്പും ബ്രിസ്ബെയ്നില്‍ ഇത് ഉറപ്പിക്കുകയുമായിരുന്നുവെന്നും ആരാധകരും പറയുന്നു. ഗാബയിലെ സമനിലയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സാധ്യതകള്‍ സജീവമായെങ്കിലും സീനിയേഴ്സിന്‍റെ ആശങ്ക പ്രകടമാണ്. എത്രനാള്‍ കൂടി ടീമില്‍ പിടിച്ച് നില്‍ക്കാനാവുമെന്നും നല്ല സമയം നോക്കി വിരമിക്കുന്നതാകും ഉചിതമെന്ന തീരുമാനം പലരും സ്വീകരിച്ചേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.