iplauctioncsb

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളുടെ നിരയിലാണ്  ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  എന്ന ഐപിഎല്‍.  യൂറോകപ്പും കോപ്പ അമേരിക്കയും പോലെ  സമ്പത്തിലും ജനപ്രിയതയിലും  ഐപിഎല്ലും വലിയ വളര്‍ച്ചയാണ് പോയ പതിനാറ് വര്‍ഷം കൊണ്ട് നേടിയെടുത്തത്.   കായികമൂല്യം കൊണ്ടു മാത്രമല്ല ഐപിഎല്‍   താരങ്ങളെയും ക്രിക്കറ്റ് പ്രേമികളെയുമെല്ലാം  ആകര്‍ഷിക്കുന്നത്.  സംഘാടനത്തിലും,   വിപണനത്തിലും,  പ്രചാരണത്തിലും  കൈവരിച്ച  കോര്‍പ്പറേറ്റ് മികവ് കൂടിയാണ്  ഐപിഎല്ലിന്‍റെ വിജയം.   ഐപിഎൽ മത്സരത്തിന്  മാത്രമല്ല ലേലത്തിനു പോലും ആതിഥ്യമരുളാന്‍ ഇന്ന് ലോകരാജ്യങ്ങൾക്കിടയില്‍  മല്‍സരമാണ്. 

ipl-04

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഇന്ന് ഐപിഎല്‍. 60 കോടി ആരാധകരുടെ കൂട്ടയ്മ. പ്രേക്ഷകർ മാത്രം ആറു കോടി വരും. വാർഷിക വരുമാനമോ, അറുപതിനായിരം കോടി രൂപയും. സമ്പത്തുകൊണ്ട്  ലോകത്തെ അഞ്ചാമത്തെ വലിയ ലീഗാണിത്.  ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ  ലഭിച്ച പരസ്യവരുമാനം മാത്രം  മൂന്നു  ലക്ഷം കോടിയാണ്. അനുബന്ധ ഉല്‍പന്നങ്ങളുടെ വിറ്റുവരവിലൂടെ  കിട്ടിയതാകട്ടെ  നാലായിരം കോടിയും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഐപിഎൽ നൽകുന്ന സംഭാവനയും ചെറുതല്ല.

ipl-sanju-samson-3

 2022-ൽ ബിസിസിഐ നാലുവര്‍ഷത്തെ ഐപിഎല്‍ സംപ്രേഷണാകാശം നല്‍കിയിലൂടെ  സമാഹരിച്ചത് 24000കോടിരൂപയാണ്. ഡിസ്നി ഹോട്ട്സ്റ്റാറിനായിരുന്നു ടിവി സംപ്രേഷണാവകാശം.  ഡിജിറ്റൽ റൈറ്റ് 20000 കോടി രൂപയ്ക്ക് റിലയൻസ് ഉടമസ്ഥതയിലുള്ള വയാകോമിനായിരുന്നു  ലഭിച്ചത് . ഡിജിറ്റല്‍  മല്‍സരത്തില്‍ നിന്ന്  പുറത്തയതുമൂലം ഡിസ്നിക്കുണ്ടായ വരുമാന നഷ്ടം  21 ശതമാനമായിരുന്നു.  ഡിസ്നി ഹോട്ട് സ്റ്റാർ- വയാകോം ലയനം നടന്ന സ്ഥിതിക്ക് വരുമാനവും അവകാശവുമെല്ലാം ഒരു കമ്പനിയുടെ കുത്തകയായി മാറി. 

ഐപിഎല്‍ ലോകത്ത് ഒട്ടേറെ രാജ്യങ്ങളില്‍  ട്വന്‍റി 20 ലീഗ് തുടങ്ങാന്‍ പ്രേരണയായിട്ടുണ്ട് . ക്രിക്കറ്റിനോട് ഒരാഭിമുഖ്യവുമില്ലായിരുന്ന അമരിക്കയിലും ആരാധകരെയുണ്ടാക്കാന്‍ ഐപിഎല്ലിനായി. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്കും ക്രിക്കറ്റ് ആരാധന  പടര്‍ന്നു കയറി.

ഐപിഎല്ലിൽ പങ്കെടുക്കാൻ ഇത്രയധികം വിദേശ താരങ്ങൾ ഇന്ത്യയിലേയ്ക്ക് വരുന്നതും എല്ലാവര്‍ക്കും അത്ഭുതമാണ്.  ഐപിഎൽ താരങ്ങള്‍ക്ക്  നൽകുന്ന പ്രഫഷനൽ മൂല്യവും സാമ്പത്തിക സുരക്ഷയും തന്നെ പ്രധാനം. അതുകൊണ്ടുതന്നെ മറ്റെല്ലാം മറന്ന് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐപിഎല്‍ താരങ്ങള്‍ക്ക്  അവസരം നൽകുന്നു. ഐപിഎൽ ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണം മറ്റു രാജ്യങ്ങളിലെ ടൂർണമെൻറുകളിൽ അത് ചെലുത്തുന്ന സ്വാധീനം തന്നെയാണ്. ഇപ്പോൾ ഇതര രാജ്യങ്ങളിലെ ടീമുകളെ സ്വന്തമാക്കാനും  ഐപിഎൽ ഫ്രാഞ്ചൈസികൾ രംഗത്തുണ്ട്. 

ipldhoni

എന്താണ് ഐപിഎല്ലിനെ രാജ്യാന്തര തലത്തിൽ ഇത്രയും പ്രശസ്തമാക്കുന്നത്. 

1.വിരസമാകാത്ത  ക്രിക്കറ്റ് സംഘാടനവും നടത്തിപ്പും 

2.പ്രേക്ഷകരെയും കാണികളെയും മറ്റെങ്ങും പോകാതെ സ്റ്റേഡിയങ്ങളിലും ടിവി സെറ്റുകൾക്കും മൊബൈൽ ഫോണുകൾക്കും മുന്നിലും പിടിച്ചിരുത്തുന്ന  അതീവശ്രദ്ധയോടെയുള്ള ആസൂത്രണം 

3.ടീമുകളുടെ ഫ്രാഞ്ചൈസി മൂല്യം.

4.പങ്കെടുക്കുന്ന കളിക്കാരുടെ മൂല്യവും പ്രശസ്തിയും

5. സീസണ്‍ കഴിഞ്ഞാലും ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള വിപണനവും ബ്രാൻഡിങ്ങും.  വർഷം മുഴുവൻ ആരാധകരെ പിടിച്ചുനിർത്തുന്ന സാങ്കേതിക തികവ് 

6.കളിക്കാർക്കു നൽകുന്ന ശ്രദ്ധയും പ്രതിഫലവും. ഐപിഎലെ മികച്ച പ്രകടനത്തിലൂടെ   വിദേശതാരങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് ലഭിക്കുന്ന പരിഗണന

7.സമൂഹ മാധ്യമങ്ങളിലൂടെയുള്ള  വലിയ ക്യാംപയിന്‍ . മറ്റ് മാധ്യമങ്ങളെകൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ കവറേജ് പ്ലാന്‍

8. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ  ഇന്ത്യൻസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തുടങ്ങിയ ടീമുകൾ ചെലുത്തുന്ന ബ്രാൻഡിങ് സ്വാധീനം. ഈ ടീമുകളുടെ പല സ്പോൺസർമാരും വിദേശത്തെ പ്രശസ്തമായ കമ്പനികളാണ്.

9.കയികലോകവും കടന്നുള്ള  ഐപിഎല്ലിന്‍റെ വളര്‍ച്ച . സിനിമ, സാംസ്കാരിക പ്രവർത്തനങ്ങളിലും സ്വാധീനം. ഫ്രാഞ്ചൈസികളിലെ  ബോളിവുഡ്  താരസാന്നിധ്യം    ഐപിഎല്ലിനെ ആകർഷകമാക്കുന്ന മുഖ്യഘടകമാണ്. 

10. വൻ വിദേശ നിക്ഷേപം.   അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളില്‍ നിന്ന്  ഐപിഎൽ വഴി ഇന്ത്യയില്‍ വന്‍നിക്ഷേപം. . അമേരിക്കയിൽനിന്നുള്ള നിക്ഷേപം മാത്രം 5000 കോടി രൂപയിലേറെ വരും.

ഐപിഎല്ലിൽ വിദേശ കളിക്കാരുടെയും പരിശീലകരുടെയും മെൻറർമാരുടെയും എണ്ണമെടുത്താൽ നാല്‍പത് ശതമാനത്തോളം വരും. ഇത്രത്തോളം വിദേശ കളിക്കാർക്ക് സ്വാതന്ത്ര്യം നൽകുന്ന മറ്റൊരു ടി-20 ടൂർണമെൻറില്ല. ഓസ്ട്രേലിയയുടെ ബിഗ് ബാഷ്, ഇംഗ്ലണ്ടിൻറെ ദ ഹണ്ട്രഡ് എന്നിവയിൽ പരമാവധി മൂന്നു വിദേശ കളിക്കാരെ അനുവദിക്കുമ്പോൾ ഐപിഎൽ നാല് വിദേശകളിക്കാർക്ക് അവസരം നൽകുന്നുണ്ട്. 

ഒരു രാജ്യം ശക്തമാകുന്നത് അതിന്‍റെ  സൈനിക ശക്തിയോ സാമ്പത്തിക ശക്തിയോ കൊണ്ടു മാത്രമല്ല. സാംസ്കാരികവും വിനോദപരവുമായ ശക്തിയെ സോഫ്റ്റ് പവർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് പാശ്ചാത്യ സംസ്കാരം ഇന്ത്യയിലേക്കെത്തുന്നതിനെ നാം ഭയപ്പാടോടെ കണ്ടു.  സിനിമയും സംഗീതവും കായികഇനങ്ങളെയുമെല്ലാം അത്തരത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു . ഇന്നാല്‍ ഇന്ന്  ആസ്ഥിതി മാറി. ബോളിവുഡ് പോലെ  ഇന്ത്യയുടെ മറ്റൊരു സോഫ്റ്റ് പവറായി വളരുകയാണ് ഐപിഎല്‍. 

ENGLISH SUMMARY:

The Indian Premier League (IPL) is one of the largest sporting spectacles in the world, comparable to events like the UEFA European Championship and Copa América in terms of wealth and popularity. Over the past 16 years, the IPL has achieved remarkable growth, not only in terms of monetary value but also in attracting players and cricket fans. Its success is attributed to excellent organizational skills, marketing, and promotional strategies. Today, even hosting the IPL auction is a competitive event, as countries around the world vie for the opportunity to host it.