സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍റെ വിരമിക്കലിനെ ചുറ്റി വിവാദം കൊഴുക്കുന്നു. അശ്വിന്‍ വിരമിച്ച സമയം ശരിയല്ലെന്നും ടീമിനെ പ്രതിസന്ധിയിലാക്കി പരമ്പരയുടെ പാതിവഴിയിലായിരുന്നില്ല മടങ്ങേണ്ടിയിരുന്നതെന്നും ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അശ്വിന്‍റെ നടപടി അസാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റോടെയാണ് ക്യാപ്റ്റന്‍ രോഹിതിനൊപ്പമെത്തി അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'പരമ്പരയുടെ അവസാനം, ഇനി എന്നെ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് പരിഗണിക്കേണ്ടതില്ല, വിരമിക്കുകയാണ് എന്ന് അശ്വിന് പറയാമായിരുന്നു. 2014–15 പരമ്പരയ്ക്കിടെ ധോണി ചെയ്തതിന് സമാനമാണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ ടീം പ്രതിസന്ധിയിലാവുകയാണ്. പര്യടനത്തിനായി ടീമിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്നത് കൃത്യമായ ഉദ്ദേശ ലക്ഷ്യത്തോടെയാണ്. അപ്രതീക്ഷിതമായി ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ റിസര്‍വ് താരങ്ങളെ ഇറക്കി കളിക്കാന്‍ കഴിയും, ഇതങ്ങനെയല്ല'– ഗവാസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. Read More: 'എന്നെ ടീമിന് വേണ്ടെങ്കില്‍ ഗുഡ് ബൈ'; അശ്വിന്‍റെ വിരമിക്കലിന് പിന്നില്‍ അവഗണനയോ?
സിഡ്നിയില്‍ അശ്വിന് മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ടായിരുന്നുവെന്ന ഉറച്ചവിശ്വാസവും ഗവാസ്കര്‍ പ്രകടിപ്പിച്ചു. 'സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് സിഡ്നി. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് സാധ്യത കൂടുതല്‍. നമുക്കൊന്നും പ്രവചിക്കാന്‍ കഴിയില്ലെങ്കിലും അശ്വിന്‍ ടീമിലുണ്ടായേനെ. മെല്‍ബണിലെ പിച്ചിന്‍റെ കാര്യം എനിക്കറിയില്ല. എന്തായാലും അവസാനം വരെ കാക്കാമായിരുന്നു. അതായിരുന്നു വേണ്ടത്. അല്ലാതെ കളിയുടെ മധ്യത്തില്‍, പാതി വഴിയില്‍ ഇത് അസാധാരണമാണ്' എന്നും ഗവാസ്കര്‍ തുറന്ന് പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ് അശ്വിന്‍. 106 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 537 വിക്കറ്റുകളും ആറ് സെഞ്ചറികളും അശ്വിന്‍റെ പേരിലുണ്ട്. ഓസീസിനെതിരായ പരമ്പരയില്‍ പക്ഷേ പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് അശ്വിന് ടീമിലിടം കിട്ടിയത്. പെര്‍ത്തില്‍ വാഷിങ്ടണ്‍ സുന്ദറിനായി തന്നെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ അശ്വിന്‍ കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും റിസര്‍വിലിരിക്കുന്നതിലും നല്ലത് വിരമിക്കുന്നതാണന്ന് സംസാരിച്ചതായും രോഹിത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
116 ഏകദിന മല്‍സരങ്ങളും 65 ട്വന്‍റി20 മല്‍സരങ്ങളും അശ്വിന്‍ കളിച്ചു. ഏകദിനത്തില്‍ 156 വിക്കറ്റുകളാണ് നേട്ടം. ഏകദിനത്തില്‍ 4/25 ഉം ട്വന്‍റി20യില്‍ 4/8 ഉം ആണ് താരത്തിന്‍റെ മികച്ച പ്രകടനം. ട്വന്‍റി20യില്‍ ഇന്ത്യയുടെ ആറാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായിരുന്നു അശ്വിന്‍. വിക്കറ്റ് വേട്ടയില്‍ ഇന്ത്യയില്‍ അനില്‍ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും 2013ലെ ചാംപ്യന്‍സ് ട്രോഫി ടീമിലും അശ്വിന്‍ അംഗമായിരുന്നു.