Picture Credit @sakshisingh_r

കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ആഘോഷം കളറാക്കി ക്രിക്കറ്റ് താരം എം.എസ് ധോണി. ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ടാണ് ധോണി എത്തിയത്. താരത്തിന്‍റെ ഭാര്യ സാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ ആരാധകരും ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു. ചുവപ്പും വെള്ളയും ചേര്‍ന്ന വസ്ത്രങ്ങളില്‍ ഫുള്‍ ക്രിസ്മസ് വൈബിലാണ് ധോണിയുടെ കുടുംബമുള്ളത്. 

ധോണിയുടെ വേഷമാണ് ആരാധകരെ ആകര്‍ഷിച്ചത്. നല്ല ‘ചില്‍’ വൈബില്‍ ഐപിഎല്ലിലേക്ക് കടക്കാം എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. താരം ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഗംഭീര പ്രകടനം നടത്തുമായിരിക്കും എന്ന ആരാധകരുടെ ആകാംക്ഷ കൂടിയാണ് കമന്‍റുകളില്‍ നിഴലിക്കുന്നത്. മുന്‍പൊരിക്കല്‍ ഒരു സോഫ്റ്റ്‌വയര്‍ ബ്രാന്‍ഡിന്‍റെ പ്രമോഷനില്‍ പങ്കെടുക്കുമ്പോള്‍ ധോണി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. 

‘എനിക്ക് കളിക്കാന്‍ സാധിക്കുന്ന അവസാന ഏതാനും വര്‍ഷങ്ങള്‍ ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലെ പ്രൊഫഷണല്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കാനാവുക എന്നത് എളുപ്പമല്ല. വൈകാരികത എല്ലായ്പ്പോഴും ഉണ്ടാവും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടി കളിക്കുന്നത് ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ധോണി പറഞ്ഞത്. 

കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ക്യാപ്റ്റന്‍സി ഋതുരാജ് ഗയ്ക്​വാദിന്‍റെ കൈകളിലേല്‍പ്പിച്ചത്. സീസണില്‍ അവസാന ഓവറുകളില്‍ ബാറ്റിങ്ങിന് ഇറങ്ങി ബൗണ്ടറികളും സിക്സുകളും കണ്ടെത്തി ധോണി ആരാധകരുടെ കയ്യടി നേടിയിരുന്നു.

ENGLISH SUMMARY:

Cricketer MS Dhoni dressed up as Santa Claus. Dhoni's wife, Sakshi, shared heartwarming pictures of the family event, which have since gone viral on social media.