ദുരന്തമായി മാറിയ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചനകള്‍. കഠിനമായ കാലത്തിലൂടെയാണ് രോഹിത് കടന്നുപോകുന്നതെന്ന് സുനില്‍ ഗവാസ്കറാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സും സിഡ്നി ടെസ്റ്റും മുന്നിലുണ്ട്. പക്ഷേ ഇതേ സ്ഥിതിയില്‍ രോഹിത് കളിക്കാന്‍ സാധ്യത കുറവാണെന്നും താരം വിരമിച്ചേക്കുമെന്നും അദ്ദേഹം സൂചന നല്‍കി.
മെല്‍ബണില്‍ വെറും മൂന്ന് റണ്‍സിനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായത്. ഇതോടെയാണ് 38കാരനായ താരത്തിന്‍റെ ഭാവിയെ കുറിച്ച് നാലുപാടും ചര്‍ച്ചകള്‍ സജീവമായത്. ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കര്‍ നിലവില്‍ മെല്‍ബണിലുള്ളതും രോഹിതിന്‍റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. കെ.എല്‍.രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് സ്ഥിരപ്പെടുത്താനുള്ള തീരുമാനം രോഹിത് എടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, സിഡ്നിയില്‍ കൂടി കളിച്ച് പരമ്പര പൂര്‍ത്തിയാക്കിയ ശേഷമേ രോഹിത് വിരമിക്കൂവെന്ന് വാദിക്കുന്നവരും കുറവല്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് സാധ്യതകള്‍ ഇന്ത്യയ്ക്ക് മങ്ങിത്തുടങ്ങിയ സ്ഥിതിക്ക് സിഡ്നിയാകും രോഹിതിന്‍റെ അവസാന വേദിയെന്നും ചിലര്‍ കുറിക്കുന്നു.
എട്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 155 റണ്‍സാണ് രോഹിത് നേടിയത്. വെറും 11.07 ആയിരുന്നു ശരാശരി. ഓപ്പണറായും മധ്യനിരയിലേക്കിറങ്ങിയുമെല്ലാം ശ്രമിച്ചിട്ടും താളം കണ്ടെത്താന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം ചോര്‍ന്നുപോയ രോഹിതിനെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിയുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ താരത്തിന് കഴിയുന്നില്ലെന്നും മുന്‍താരങ്ങളടക്കം വിമര്‍ശിച്ചിരുന്നു. ടീമിനെയൊന്നാകെ ചുമലിലേറ്റേണ്ട ബാധ്യതയാണ് സിറാജിനും ബുംറയ്ക്കും നിലവിലുള്ളതെന്നും വിമര്‍ശകര്‍ പറയുന്നു.