രോഗിയായ ഭാര്യയെ നോക്കാനായി വോളന്റററി റിട്ടയര്‍മെന്റ് എടുത്ത ഭര്‍ത്താവിന്റെ യാത്രയയപ്പു ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ സംരക്ഷിച്ച് കൂടെനില്‍ക്കാമെന്ന ചിന്തയിലാണ് അയാള്‍ നേരത്തേ ജോലിയില്‍ നിന്നും പിരിഞ്ഞുപോരാനായി തീരുമാനിച്ചത്. പക്ഷേ വിധി അദ്ദേഹത്തിനായി കാത്തുവച്ച് മറ്റൊരു കാര്യമായിരുന്നു. ചടങ്ങിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
സാന്‍ഡലിന്റെ യാത്രയയപ്പു ചടങ്ങ് നടക്കുകയായിരുന്നു. ചുറ്റും ചിരിയും സന്തോഷവും സെല്‍ഫികളും പൂമാലകളും കേക്കും , അങ്ങനെ മൊത്തം ആഘോഷമായിരുന്നു. ഏറെക്കാലത്തെ സര്‍വീസ് അവസാനിപ്പിച്ച് പിരിഞ്ഞുപോരുന്നത് വേദനയുള്ള കാര്യമാണെങ്കിലും ഇവിടെ അതിലും പ്രാധാന്യം തന്റെ ഭാര്യയുടെ ആരോഗ്യമാണെന്നു തോന്നിയതുകൊണ്ടാവും അയാള്‍ നേരത്തേ പിരിയാന്‍ തീരുമാനിച്ചത്.
ദേവേന്ദ്ര സാന്‍ഡലിന്റെയും ഭാര്യ ടീനയുടെയും ആഘോഷനിമിഷങ്ങള്‍ അതിവേഗത്തിലാണ് ദുരന്തമായി മാറിയത്. പെന്‍ഷനാവാന്‍ മൂന്നുവര്‍ഷം കൂടിയുള്ളപ്പോഴാണ് സാന്‍ഡല്‍ വിആര്‍എസ് എടുത്തത്. ചടങ്ങിനിടെ എനിക്ക് ക്ഷീണം തോന്നുന്നുവെന്ന് സാന്‍ഡലിനോട് ടീന പറഞ്ഞതായും പിന്നാലെ കസേരയിലേക്ക് ചാഞ്ഞുകിടന്നെന്നും ചടങ്ങിനെത്തിയ വ്യക്തി പറയുന്നു. ടീനയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സാന്‍ഡല്‍ പുറകുവശത്തുള്‍പ്പെടെ തടവിക്കൊടുക്കാന്‍ ശ്രമിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ ഈ സംഭവമൊന്നും അറിയാതെ കാമറ നോക്കി ചിരിക്കാന്‍ ആവശ്യപ്പെട്ടവര്‍ക്കു നേരെ ഒന്നു ചിരിക്കുകയും പിന്നാലെ ടീന മുന്‍വശത്തെ മേശയ്ക്കു മുകളിലേക്ക് കമിഴ്ന്നുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പുതന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശാസ്ത്രി നഗറിലെ ദാദാബരി മേഖലയില്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു ഇരുവരും.