ന്യൂസീലന്‍ഡിനോട് ഹോം ഗ്രൗണ്ടിലേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ദയനീയ പ്രകടനം കൂടിയായതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മ തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റനെന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും രോഹിതിന് കണക്കുകൂട്ടലുകളെല്ലാം പിഴച്ചതോടെയാണ് രൂക്ഷ വിമര്‍ശനം താരത്തിനെതിരെ ഉയരുന്നത്. ഓപ്പണറായിരുന്ന രോഹിത് മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ചിട്ടും പ്രകടനം മെച്ചപ്പെട്ടില്ല. 6,3,10 എന്നിങ്ങനെയായിരുന്നു മധ്യനിരയില്‍ രോഹിത് കളിച്ച ആദ്യ മൂന്ന് ഇന്നിങ്സുകളിലെ സ്കോര്‍. മെല്‍ബണിലും സ്ഥിതി മാറിയില്ല. 

ബോളര്‍മാരുടെ റൊട്ടേഷനിലും രോഹിതിന് തെറ്റി. ബോക്സിങ് ഡേ ടെസ്റ്റിന്‍റെ രണ്ടാം ദിവസത്തെ വിക്കറ്റ് വീഴ്ച കൂടിയായപ്പോള്‍ ക്യാപ്റ്റന്‍റെ നില അല്‍പം പരുങ്ങലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 'രോഹിതിന്‍റെ ക്യാപ്റ്റന്‍സി ചര്‍ച്ച ചെയ്യേണ്ട സമയമായി. ഓസീസിനെതിരായ കളിക്ക് മുന്‍പ് ന്യൂസീലന്‍ഡിനെതിരെ നാട്ടില്‍ ടെസ്റ്റ് നടന്നു. പരമ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത നാണംകെട്ട തോല്‍വി. അടുപ്പിച്ച് മൂന്ന് ടെസ്റ്റാണ് തോറ്റത്. രോഹിതിന്‍റെ വ്യക്തിഗത പ്രകടനവും മോശമായി. ഓസ്ട്രേലിയയില്‍ എത്തിയിട്ട് നോക്കൂ... പെര്‍ത്തില്‍ രോഹിത് കളിച്ചിരുന്നില്ല. ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യ മികച്ച വിജയമാണ് നേടിയത്. വീണ്ടും രോഹിത് നായകസ്ഥാനമേറ്റെടുത്തു, പരാജയത്തിന്‍റെ ഘോഷയാത്രയും തുടങ്ങി'യെന്നായിരുന്നു ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാനായിരുന്ന എം.എസ്.കെ പ്രസാദ് തുറന്നടിച്ചത്. 

ക്യാപ്റ്റനായിരിക്കുമ്പോള്‍ രോഹിത് കടുത്ത സമ്മര്‍ദത്തിലാണെന്നും വ്യക്തിഗത പ്രകടനവും ടീമിന്‍റെ പ്രകടനവും മെച്ചപ്പെടാറില്ലെന്നും മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നു. ട്വന്‍റി20 ലോകകപ്പ് ജയിച്ചതിന് പിന്നാലെ ശ്രീലങ്കയോട് ഇന്ത്യ ഏകദിന പരമ്പരയില്‍ തോറ്റു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ തോല്‍വിയുണ്ടായത്. പിന്നാലെ ന്യൂസീലന്‍ഡിന്‍റെ വക 'വൈറ്റ് വാഷും'. 12 വര്‍ഷത്തിനിടെ ഇന്ത്യ സ്വന്തം നാട്ടില്‍ ആദ്യമായി തോറ്റതും ന്യൂസീലന്‍ഡിനെതിരെയായി.  

ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് ആശയങ്ങളില്ലെന്നും അത് രോഹിതിന്‍റെ ശരീരഭാഷയിലും പ്രകടമാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ക്കുന്നു. 'ക്യാപ്റ്റന്‍റെ ഫോമില്ലായ്മ ടീമിനെ പിടിച്ചുലയ്ക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റന്‍ ഫോമിലാണെങ്കില്‍ അതിന്‍റെ ഊര്‍ജം ടീമിലേക്കും എത്തും. ഈ ടെസ്റ്റിലേക്ക് നോക്കിയാല്‍ തന്നെ രോഹിതിന്‍റെ സമ്മര്‍ദനം തിരിച്ചറിയാം, തീര്‍ത്തും പുതുമുഖമായ സാം കൊന്‍സ്റ്റാസിനെതിരെ വരെ സിറാജിനെയും ബുംറയെയുമാണ് രോഹിത് ഇറക്കിയത്. ഇതാണ് രോഹിതിന്‍റെ ഇപ്പോഴത്തെ അവസ്ഥ. വിശ്രമം നല്‍കുകയാണ് വേണ്ടതെന്നും പ്രസാദ് തുറന്നടിച്ചു. ടീമിനെ എങ്ങനെ നയിക്കണമെന്ന് ധാരണയുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പ്രാപ്തിയുള്ളവരെയാണ് നായകനായി ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പതറുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ 82 റണ്‍സും വിരാട് കോലി 36 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മൂന്ന് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 474 റണ്‍സാണ് നേടിയത്. 140 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്‍റെ മികവിലാണ് ഓസീസ് മികച്ച സ്കോര്‍ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി.

ENGLISH SUMMARY:

India captain Rohit Sharma received some fresh criticism from the former chairman of the BCCI's selection committee MSK Prasad.