മെൽബൽ ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷടമായത് റിഷഭ് പന്തിനെയാണ്. 164 ന് അഞ്ചെന്ന നിലയിൽ ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് 191 റൺസിലെത്തുമ്പോഴേക്കും റിഷഭ് പന്തിനെ നഷ്ടമായിരുന്നു. 37 പന്തില്‍ 28 റണ്‍സാണ് പന്ത് നേടിയത്. മൂന്ന് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
അനാവശ്യമെന്ന് പറയാവുന്നൊരു ഷോട്ടിലൂടെയാണ് നിർണായക ഘട്ടത്തിൽ റിഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നത്. മുൻനിര വിക്കറ്റുകൾ നഷ്ടമായി, ടീം ഫോൾഓൺ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് റിഷഭ് പന്ത് പുറത്താകുന്നത്.
സ്കോട്ട് ബോളണ്ടിന്റെ പന്തിലാണ് പന്ത് പുറത്താകുന്നത്. ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് പന്ത്. തൊട്ട് മുൻപത്തെ പന്തിൽ ഇതേ ഷോട്ടിന് ശ്രമിച്ചെങ്കിലും റിഷഭ് പന്ത് പരാജയപ്പെട്ടിരുന്നു. വയറിൽ പന്ത് കൊണ്ട് റിഷഭ് പന്ത് നിലത്തുവീഴുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഇതേ ഷോട്ട് ഒരിക്കൽ കൂടി ശ്രമിച്ച് നഥാൻ ലിയോണിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു താരം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ നടത്തിയത്.
മത്സര സാഹചര്യങ്ങൾ മാനിക്കാതെയാണ് പന്ത് കളിക്കുന്നതെന്നായിരുന്നു ഗവാസ്‌കറിന്റെ വിമർശനം. രണ്ട് ഫീൽഡർമാരുണ്ടായിരുന്നിട്ടും ഇത് അവഗണിച്ച പന്തിന്റെ തീരുമാനത്തെ "വിഡ്ഢിത്തം" എന്നാണ് ഗവാസ്ക്കർ കമന്ററിയിൽ വിശേഷിപ്പിച്ചത്. തൊട്ടുമുൻപെ സമാന ഷോട്ടിൽ പരാജയപ്പെട്ടു, ഇത് വിക്കറ്റ് കൊണ്ടുപോയി കളയുന്നതിന് തുല്യമാണ്, ഗവാസ്ക്കർ പറഞ്ഞു.
ഇത് സ്വാഭാവികമായ കളിയാണെന്ന് പറയാനാകില്ല, ഇതൊരു മണ്ടൻ ഷോട്ടാണ്. ഇത് ടീമിനെ കാര്യമായി ബാധിക്കും. സാഹചര്യം കൂടി മനസ്സിലാക്കണം. അവൻ ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ പോകരുത്, മറ്റേ ഡ്രസ്സിങ് റൂമിൽ പോകണം എന്നാണ് എബിസി സ്പോർട്സിനായുള്ള കമന്ററിയിൽ ഗവാസ്ക്കർ പറഞ്ഞത്.