ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ജസ്പ്രീത് ബുംറ. അതിവേഗം 200 വിക്കറ്റ് ക്ലബിലെത്തിയ അഞ്ചാമത്തെ താരവും ഒന്നാമത്തെ ഇന്ത്യന്‍ പേസറുമായി ബുംറ. 8484 പന്തുകളില്‍ നിന്നാണ് താരം 200 വിക്കറ്റുകള്‍ തികച്ചത്. അതും അസാധ്യമെന്ന് കരുതാവുന്ന ബോളിങ് ശരാശരിയില്‍. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തതാണ് ബുംറയുടെ ശരാശരി. 19.56! അമ്പരപ്പിക്കുന്ന ബോളിങ് ശരാശരിയോടെ വിന്‍ഡീസ്  ഇതിഹാസങ്ങളായ മാല്‍കം മാര്‍ഷല്‍ (376 വിക്കറ്റ് –20.94 ശരാശരി) ഗാര്‍നര്‍ (259 വിക്കറ്റ് 20.97 ശരാശരി, കര്‍ട്​ലി ആംബ്രോസ് (405 വിക്കറ്റ് 20.99 ശരാശരി) എന്നിവരെയാണ് ബുംറ മറികടന്നത്. 

എറിഞ്ഞ പന്തുകളുടെ കണക്കില്‍ 200 വിക്കറ്റ് ക്ലബില്‍ ബുംറയ്ക്ക് മുന്നിലുള്ളത് വഖാര്‍ യൂനിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, റബാദ എന്നിവരാണ്. 44–ാം ടെസ്റ്റിലാണ് ബുംറയുടെ 200–ാം വിക്കറ്റ് നേട്ടം. രവീന്ദ്ര ജഡേജയും 44 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് ക്ലബിലുണ്ട്. 37 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ആര്‍. അശ്വിനാണ് ഇന്ത്യന്‍ താരങ്ങളിലെ കേമന്‍. പാക്കിസ്ഥാന്‍റെ യാസിര്‍ ഷായ്ക്കാണ് ലോക റെക്കോര്‍ഡ്. 33 ടെസ്റ്റുകളില്‍ നിന്നായിരുന്നു 200 വിക്കറ്റ് നേട്ടം.

ബുംറയുടെ 200 വിക്കറ്റുകളില്‍ 64 എണ്ണവും മുന്‍നിര ബാറ്റര്‍മാര്‍ക്കെതിരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഓപ്പണര്‍മാരെ 50 തവണയും മൂന്നാം നമ്പറുകാരെ 14 തവണയും  നാലാം നമ്പറുകാരനെ 30 തവണയുമാണ് ബുംറ കൂടാരം കയറ്റിയിട്ടുള്ളത്. ജോ റൂട്ടാണ് ബുംറയ്ക്ക് ഏറ്റവുമധികം തവണ (9)വിക്കറ്റ് സമ്മാനിച്ചിട്ടുള്ളത്. കമിന്‍സ് (8) രണ്ടാമതും, ട്രാവിസ് ഹെഡ് (6) മൂന്നാമതുമാണ് പട്ടികയില്‍. ഹെഡിന്‍റെ വിക്കറ്റെടുത്താണ് ബുംറ 200–ാം വിക്കറ്റ് തികച്ചതെന്നതും മറ്റൊരു കൗതുകം. ബോക്സിങ് ഡേ ടെസ്റ്റിന്‍റെ നാലാം ദിവസം ഓസീസിന്‍റെ നാല് വിക്കറ്റുകളാണ് ബുംറ പിഴുതത്.  നാലാം ദിനം കളി നിർത്തുമ്പോൾ ഓസീസ് 82 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ്. 

ENGLISH SUMMARY:

Jasprit Bumrah made history in Test cricket by becoming the bowler with the best average among those with 200 wickets. Bumrah also emerged as the fastest Indian pacer to reach the 200-wicket milestone in Test cricket.