മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ സമനില പ്രതീക്ഷ അവസാനിച്ചത് യശസ്വി ജയ്‍സ്വാളിന്റെ പുറത്താകലോടെയാണ്. അവസാനസെഷനില്‍ പൊരുതിനിന്ന ജയ്സ്വാള്‍ എഴുപത്തൊന്നാം ഓവര്‍ എറിഞ്ഞ പാറ്റ് കമിന്‍സിന്‍റെ അവസാനപന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളില്‍. ക്യാച്ചിന് അപ്പീല്‍ ചെയ്ത് കമിന്‍സും കാരിയും സഹതാരങ്ങളും. ഫീല്‍ഡ് അംപയര്‍ ജോയല്‍ വില്‍സണ്‍ ‘നോട്ട് ഔട്ട്’ പറഞ്ഞു. ഇതിനെതിരെ കമിന്‍സ് റിവ്യൂ എടുത്തു.
തേഡ് അംപയര്‍ ഷര്‍ഫുദ്ദൗള ആദ്യം സ്നിക്കോമീറ്റര്‍ പരിശോധിച്ചു. പന്ത് ബാറ്റിനും ഗ്ലൗസിനും തൊട്ടരികിലൂടെ പോകുന്നു. ഒരിടത്തും തട്ടുന്നതിന്‍റെ ശബ്ദം സ്നിക്കോമീറ്ററില്‍ കാണുന്നില്ല. ഫ്ലാറ്റ് ലൈന്‍ മാത്രം. പക്ഷേ അതുകൊണ്ട് ഷര്‍ഫുദ്ദൗള തൃപ്തനായില്ല. വിഡിയോ റീപ്ലേ പല ആംഗിളുകളില്‍ നിന്ന് വീണ്ടും വീണ്ടും പരിശോധിച്ചു. പന്ത് ജയ്‍സ്വാളിന്‍റെ ഗ്ലൗസില്‍ ചെറുതായി ഉരയുന്നതും അതിന്‍റെ ഗതിയില്‍ വ്യത്യാസം വരുന്നതും കാണാമായിരുന്നു. ഡിഫ്ലക്ഷന്‍ ഉറപ്പാക്കിയതോടെ തേഡ് അംപയര്‍ തീരുമാനമെടുത്തു. വലിയ സ്ക്രീനില്‍ ‘ഔട്ട്’ തെളിഞ്ഞതോടെ ജയ്സ്വാളിന്‍റെ മുഖത്ത് അവിശ്വാസം. ഓസ്ട്രേലിയന്‍ ഗാലറികളില്‍ ആരവം.
നിരാശനായ ജയ്സ്വാള്‍ ഫീല്‍ഡ് അംപയറുമായി സംസാരിച്ചശേഷമാണ് ക്രീസ് വിട്ടത്. 84 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ ഏക പ്രതീക്ഷയായി നിലകൊണ്ട യശസ്വി പുറത്തായതോടെ ഇന്ത്യ 7 വിക്കറ്റിന് 140 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലേക്ക് വീണു. അധികം വൈകാതെ 184 റണ്‍സിന്‍റെ ദയനീയ തോല്‍വിയും ഏറ്റുവാങ്ങി. മല്‍സരത്തിനുശേഷം യശസ്വിയുടെ പുറത്താകലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തേഡ് അംപയറെ പഴിക്കാന്‍ തയാറായില്ല. ‘സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കണം എന്നത് അംപയറുടെ വിവേചനാധികാരമാണ്. സ്നിക്കോമീറ്ററില്‍ ഒന്നും കണ്ടില്ല എന്നത് ശരിയാണ്. പക്ഷേ റീപ്ലേകളില്‍ കാണുന്നത് മറ്റൊന്നാണ്. ജയ്സ്വാള്‍ പന്ത് ടച്ച് ചെയ്തു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്’ – ക്യാപ്റ്റന്‍ പറഞ്ഞു.
രോഹിത്തിന്‍റെ അതേ നിലപാടാണ് പ്രമുഖ അംപയര്‍ സൈമണ്‍ ടോഫലിനും. തേഡ് അംപയറുടെ തീരുമാനം തികച്ചും ശരിയായിരുന്നു. പന്തിന്‍റെ ടച്ച് ചെയ്യുന്നതും ഗതി മാറുന്നതും ബോധ്യപ്പെട്ടാല്‍ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കേണ്ട ആവശ്യംപോലും ഇല്ലെന്നാണ് ടോഫല്‍ പറയുന്നത്. എന്നാല്‍ തേഡ് അംപയറെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായി സുനില്‍ ഗവാസ്കര്‍ രംഗത്തുവന്നു. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ് തേഡ് അംപയര്‍ക്കുണ്ടായത്. സ്നിക്കോമീറ്റര്‍ ശരിയായ സാങ്കേതികവിദ്യയാണ്. അതില്‍ തെളിവില്ലെങ്കില്‍ ഔട്ട് അല്ല എന്നുതന്നെയാണ് തീരുമാനിക്കേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.