മെല്‍ബണ്‍ ടെസ്റ്റിന്‍റെ നാലാം ദിവസം അര്‍ധ സെഞ്ചറിയിലേക്ക് കുതിച്ച ലബുഷെയ്നെ പുറത്താക്കാനുള്ള അവസരം പാഴാക്കി യശസ്വി ജയ്സ്വാള്‍. ആകാശ് ദീപെറിഞ്ഞ പന്ത് ലബുഷെയ്ന്‍ പ്രതിരോധിച്ചതോടെ കൈപ്പിടിയിലൊതുക്കാവുന്ന ക്യാച്ചാണ് യശസ്വി പാഴാക്കിയത്. ഓസീസിന്‍റെ ഏഴാം വിക്കറ്റും വീണെന്ന പ്രതീക്ഷ തെറ്റിയതോടെ രോഹിതും ആകാശും കുപിതരാകുന്നത് ദൃശ്യങ്ങളില്‍ കാണാം. യശ്വസി ജീവന്‍ നല്‍കിയതോടെ ടെസ്റ്റ് ക്രിക്കറ്റിലെ 23–ാം അര്‍ധ സെഞ്ചറി ലബുഷെയ്ന്‍ തികച്ചു. 105 പന്തുകളില്‍ നിന്നാണ് താരത്തിന്‍റെ നേട്ടം. മൂന്ന് തവണയാണ് യശസ്വി ഇന്ന് നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കിയത്. മൂന്നാം ഓവറില്‍ ബുംറയുടെ പന്തില്‍ ഖവാജയെയും, പിന്നീട് പാറ്റ് കമിന്‍സിനെയുമാണ് താരം വിട്ടുകളഞ്ഞത്.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ഓസീസിന് കനത്ത പ്രഹരമാണ് ബുംറയും സിറാജും ചേര്‍ന്ന് ഏല്‍പ്പിച്ചത്. നാലാം ഓവറില്‍ ആകാശ് ദീപൊന്ന് കോണ്‍സ്റ്റാസിനെ വിറപ്പിച്ചു. ആറാം ഓവറിലെ മൂന്നാം പന്തില്‍ ബുംറ കോണ്‍സ്റ്റാസിനെ മടക്കി അയച്ചു. 100 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ബുംറ നാല് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ 200 വിക്കറ്റും തികച്ചു.
മെല്‍ബണ്‍ ടെസ്റ്റില്‍ 240 റണ്‍സിന്‍റെ ലീഡാണ് നിലവില്‍ ഓസീസിനുള്ളത്. പരമ്പരയില്‍ ഇരുടീമുകളും 1–1 എന്ന നിലയിലാണ്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.