മെൽബണിൽ രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ നിരാശനായ ട്രാവിസ് ഹെഡ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്ത് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മുൻതൂക്കം നൽകിയിരുന്നു. പന്തിന്റെ വിക്കറ്റെടുത്ത ശേഷം ഓസീസ് താരം നടത്തിയ ആംഗ്യം വിവാദമായിരുന്നു. ഒരുകൈയിലെ വിരലുകൾ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കിയായിരുന്നു ഹെഡിന്‍റെ ആഘോഷം.
അശ്ലീലമായ ആംഗ്യം എന്നായിരുന്നു ഇന്ത്യൻ ആരാധകർ ഇതിനോട് പ്രതികരിച്ചത്. ഹെഡിനെതിരെ ഐസിസി നടപടിയും ഇന്ത്യൻ ആരാധകർ ആവശ്യപ്പെട്ടു. വിവാദത്തിൽ ഹെഡിന്റെ മറുപടിയും ഇപ്പോൾ പുറത്തുവന്നു.
ട്രിപ്പിൾ എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫിംഗർ ഓൺ ദി ഐസിനെ പറ്റി ഹെഡ് സംസാരിച്ചത്. ശ്രീലങ്കയിലാണ് ഈ ആഘോഷം ആരംഭിച്ചതെന്ന് ഹെഡ് പറഞ്ഞു. അടുത്ത മത്സരത്തിൽ പന്തെറിയുന്നതിന് മുൻപ് വിരൽ ഐസിൽ വെയ്ക്കുന്നതാണ് പതിവ്. മെൽബണിൽ ബൗളിങ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ ഗാലെയിലാണ് ബൗളിങ് പ്രതീക്ഷിച്ചത്. വിക്കറ്റെടുത്ത ശേഷം ഗാലെയിൽ അടുത്ത വിക്കറ്റെടുക്കുന്നതുവരെ എൻറെ കൈവിരലുകൽ ഐസ് കപ്പിലിട്ട് സംരക്ഷിക്കുമെന്നാണ് ഞാൻ കാണിച്ചത് എന്നാണ് ഹെഡ് പറഞ്ഞത്.
മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ഹെഡിന്റെ ആംഗ്യത്തെ പറ്റി സംസാരിച്ചിരുന്നു. ഇത് സാധാരണയുള്ളൊരു തമാശയാണ്. ഗബ്ബയിലോ മറ്റെവിടെയെങ്കിലുമോ ഒരു വിക്കറ്റ് കിട്ടിയാൽ നേരെ ഫ്രിഡ്ജിൽ എത്തി, ഒരു ബക്കറ്റ് ഐസ് എടുത്ത് വിരൽ ഇട്ടുവെയ്ക്കുന്നതാണ് അവന്റെ രീതി എന്ന് തമാശ രൂപേണയാണ് കമ്മിൻസ് വിശദീകരിച്ചത്.
മുൻ ഇന്ത്യൻ ബാറ്റർ നവ്‌ജ്യോത് സിംഗ് സിദ്ധു രൂക്ഷ വിമർശനമാണ് ഹെഡിനെതിരെ നടത്തിയത്. മോശം രീതിയിലുള്ള ആംഗ്യം ഇന്ത്യക്കാരെ മുഴുവൻ അവഹേളിക്കുന്നതാണെന്ന് സിദ്ധു പറഞ്ഞു. മൈതാനത്ത് ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ കർക്കശമായ ശിക്ഷവേണമെന്നാണ് സിദ്ധു ആവശ്യപ്പെട്ടത്.