ഇന്ത്യൻ ബൗളർ നേടിയ എക്കാലത്തെയും ഉയർന്ന റേറ്റിങ് പോയിന്‍റോടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നിലനിർത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. 907 പോയിന്‍റാണ് ജസ്പ്രിത് ബുമ്രയ്ക്കുള്ളത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 904 റേറ്റിങ് പോയിന്‍റാണ് ബുമ്ര മറികടന്നത്. 2024 ൽ 71 വിക്കറ്റാണ് ബുംറ ടെസ്റ്റിൽ നേടിയത്.
പുതിയ റേറ്റിങോടെ ഓൾടൈം റേറ്റിങ് പോയിന്‍റിൽ ഇംഗ്ലണ്ടിന്റെ മുൻ സ്പിന്നർ ഡെറക് അണ്ടർവുഡിനൊപ്പം 17-ാമാതാണ് ബുമ്ര. പട്ടികയിൽ മുന്നിലെത്താൻ ബുമ്രയ്ക്ക് ഇനിയും പോയിന്റുകൾ നേടേണ്ടതുണ്ട്. ഒരു നൂറ്റാണ്ട് മുൻപ് ഇംഗ്ലണ്ടിന് കളിച്ച പേസർമാരായ സിഡ്നി ബാൺസ് (932), ജോർജ്ജ് ലോഹ്‌മാൻ (931) എന്നിവരാണ് പട്ടികയിലെ ആദ്യ രണ്ടുസ്ഥാനക്കാർ. 922 റേറ്റിങ് പോയിന്‍റുമായി ഇമ്രാൻ ഖാനും 920 പോയിന്‍റുള്ള മുത്തയ്യ മുരളീധരനുമാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ബുമ്രയുടെ പ്രകടനമാണ് ബുംറയ്ക്ക് ഒന്നാം സ്ഥാനത്ത് ലീഡെടുക്കാൻ സഹായിച്ചത്. മെൽബൺ ടെസ്റ്റിൽ ഒൻപത് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ കമ്മിൻസ് നേട്ടമുണ്ടാക്കി. 15 റേറ്റിങ് പോയിന്റ് നേട്ടത്തോടെ ഒരു സ്ഥാനം കയറി മൂന്നാമതെത്തി. ഓൾറൗണ്ടർ റാങ്കിങിലും മൂന്നാമതാണ് കമ്മിൻസ്.
സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫിക്കുള്ള ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിനും ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിനും ബുമ്ര ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.