മെല്‍ബണില്‍ ഓസീസിനോടേറ്റ 184 റണ്‍സിന്‍റെ തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ. ജയിക്കാമായിരുന്ന കളി ഓസീസിന്‍റെ കൈയില്‍ കൊടുത്തത് യശസ്വിയാണെന്നും നിര്‍ണായക ക്യാച്ചുകള്‍ താരം വിട്ടുകളഞ്ഞതാണ് സമനില പോലും ഇല്ലാതെയാക്കിയതെന്നും വാദമുയര്‍ന്നു. എന്നാല്‍ യശസ്വിയെ മാത്രം പഴിക്കേണ്ടെന്നും തീര്‍ത്തും ദുര്‍ബലമാണ് നിലവിലെ ടീമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
യശസ്വിക്ക് പിഴവ് സംഭവിച്ചില്ലെന്നല്ല, മൂന്നാം ഓവറില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ച് താരം മിസ്സാക്കി. അപ്പോള്‍ ഖവാജയ്ക്കുണ്ടായിരുന്നത് വെറും രണ്ട് റണ്‍സ്. ലബുഷെയ്ന്‍ 46 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ വച്ച് നീട്ടിയ സ്ട്രെയ്റ്റ് ക്യാച്ച്, അതും യശസ്വി വിട്ടുകളഞ്ഞു. പിന്നാലെ പാറ്റ് കമിന്‍സിനെയും. വലിയ വിലയാണ് യശസ്വിയുടെ കൈകള്‍ ചോര്‍ന്നതിന് ഇന്ത്യ നല്‍കേണ്ടി വന്നത്. പക്ഷേ, ബാറ്റ് കൊണ്ട് താരം അതിന് പ്രായശ്ചിത്തം ചെയ്തതും മെല്‍ബണില്‍ കണ്ടു. കടുത്ത സമ്മര്‍ദത്തിനിടയില്‍ മുതിര്‍ന്ന ബാറ്റര്‍മാരൊന്നടങ്കം വിക്കറ്റ് വലിച്ചെറിഞ്ഞ് പോയപ്പോള്‍ ഉറച്ച മനക്കരുത്തോടെയാണ് താരം ഒരറ്റത്ത് നിലയുറപ്പിച്ചത്.
കിതയ്ക്കുന്ന കോലിയും രോഹിതും
അവസരത്തിനൊത്ത് ഉയരാത്ത രോഹിതും കോലിയുമാണ് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന്. മെല്‍ബണിലെ അഞ്ചാം ദിനം 90 ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ളപ്പോള്‍ വെറും 9 റണ്‍സെടുത്ത് രോഹിതും മൂന്ന് റണ്‍സെടുത്ത് കോലിയും മടങ്ങി. അലക്ഷ്യമായ പുറത്താകലുകള്‍. രോഹിത് ഒട്ടും ഫോമിലല്ലെന്ന് പറായം. പക്ഷേ പെര്‍ത്തില്‍ സെഞ്ചറിയടിച്ച കോലി പിന്നീടിങ്ങോട്ടുള്ള മല്‍സരങ്ങളില്‍ നിന്നായി വെറും 62 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ കോലി പരാജയപ്പെടുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
പന്തിന്‍റെ ഷോട്ട് സെലക്ഷന്‍
പന്തിന്‍റെ ഷോട്ട് സെലക്ഷന്‍ പിഴയ്ക്കുന്നതാണ് ഇന്ത്യയെ അലട്ടന്ന മറ്റൊരു പ്രശ്നം. രൂക്ഷ വിമര്‍ശനമാണ് പന്തിന്‍റെ അനാവശ്യ ഷോട്ടുകള്‍ക്കെതിരെ ഉയരുന്നത്. മൂന്നാംദിനം ബാറ്റ് ചെയ്യുന്നതിനിടെ സ്കൂപ്പ് ഷോട്ടിനുള്ള അനാവശ്യ ശ്രമമാണ് പന്തിന്‍റെ വിക്കറ്റ് നഷ്ടമാക്കിയത്. പന്ത് പുറത്തായതോടെ ടീമിന്‍റെ തകര്‍ച്ചയും പൂര്‍ത്തിയായി. സമ്മര്‍ങ്ങളെ അതിജീവിക്കാന്‍ പന്തിന് കഴിയുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
തൊട്ടതെല്ലാം പിഴയ്ക്കുന്ന രോഹിത്
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍. ഇത്രയേറെ അസ്ഥിരമായി ഇതുവരെ ടീം ഇന്ത്യയെ കണ്ടിട്ടില്ലെന്ന് ആരാധകരും പറയുന്നു. ഓപ്പണര്‍മാരിയ യശസ്വിയും കെ.എല്‍ രാഹുലും പരമ്പരയുടെ തുടക്കത്തില്‍ തിളങ്ങി. പെര്‍ത്തില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സെടുക്കുകയും ചെയ്തു. ഓസീസിനെതിരെ ഇന്ത്യയുടെ റെക്കോര്‍ഡ് കൂടിയായി ഈ കൂട്ടുകെട്ട് മാറി. പക്ഷേ രോഹിത് ടീമിലേക്ക് തിരിച്ചെത്തിയതോടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. രോഹിത് ഓപ്പണറായി. ഇതോടെ യശസ്വിയും രാഹുലും കണ്ടെത്തിയ താളം തെറ്റി. രോഹിതിന്‍റെ പിഴച്ച തീരുമാനങ്ങളാണ് ഓസീസ് വാലറ്റം രണ്ടാം ഇന്നിങ്സില്‍ റണ്‍സ് അടിച്ച് കൂട്ടാന്‍ കാരണമായതും.
ബുംറയുടെ ചുമലിലെ അധിക ഭാരം
ബുംറയുടെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ കാത്തത്. നാല് ടെസ്റ്റുകളിലായി 30 വിക്കറ്റാണ് ഇതുവരെ താരത്തിന്‍റെ സമ്പാദ്യം. ബുംറ ഫോമിലാണെങ്കിലും ഉറച്ച പിന്തുണ സഹതാരങ്ങളില്‍ നിന്ന് കിട്ടാത്തത് വലിയ സമ്മര്‍ദ്ദമാണ് താരത്തിന് ഉണ്ടാക്കുന്നത്. സിറാജും ആകാശ് ദീപും ഹര്‍ഷിത് റാണയും പറയത്തക്ക മികച്ച പ്രകടനം ഇതുവരെയും പുറത്തെടുത്തിട്ടില്ല. 141.2 ഓവറുകള്‍ ബുംറ മാത്രം ഇതുവരെ എറിഞ്ഞുവെന്ന് പറയുമ്പോള്‍ എത്രത്തോളം അമിതഭാരമാണ് താരം ചുമക്കുന്നതെന്നും വ്യക്തം. സിഡ്നിയില്‍ ജയിച്ചാല്‍ മാത്രമേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇനി എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. ടീമായ പ്രവര്‍ത്തനവും തന്ത്രങ്ങളും മികച്ച ലൈനപ്പും ഇന്ത്യയുടെ വിജയത്തിന് അത്യാവശ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.