മങ്ങിയ ഫോമിലുള്ള രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ക്യാംപില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ സ്ഥാനവും ചലിക്കുമോ? കാര്യങ്ങളില്‍ ബിസിസിഐയ്ക്ക് അത്ര തൃപ്തിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമെ പരമ്പര തോല്‍വിയുടെ ക്ഷീണം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. വെള്ളിയാഴ്ച ആരംഭിക്കുന്ന സിഡ്നി ടെസ്റ്റിലും കാര്യങ്ങള്‍ പഴയ പടിയാണെങ്കില്‍ ഇന്ത്യന്‍ പരിശീലക സംഘത്തിലും ചലനങ്ങളുണ്ടായേക്കും
പരിശീലകന്‍ എന്ന നിലയ്ക്ക് ടീമില്‍ ഒത്തൊരുമ ഉണ്ടാക്കാന്‍ ഗംഭീറിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രവി ശാസ്ത്രിയുടെയും രാഹുൽ ദ്രാവിഡിന്‍റെയും കാലത്തെ പോലെ എല്ലാ കളിക്കാരുമായും ഗംഭീറിന് ഒരേ ഇടപെടല്‍ അല്ലെന്നും ആശയവിനിമയം പഴയത് പോലെയല്ലെന്നുമാണ് റിപ്പോര്‍ട്ട്. പ്ലെയിംഗ് ഇലവനിൽ പരീക്ഷണം നടത്താനുള്ള ഗംഭീറിന്‍റെ താല്‍പര്യം കാരണം പല താരങ്ങളും ടീമില്‍ അരക്ഷിതാവസ്ഥയിലാണ്.
ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ സമ്പൂര്‍ണ പരാജയത്തിന് (0-3) ശേഷം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൂടി തോറ്റാല്‍ ഗംഭീറിന്‍റെ കാര്യത്തില്‍ ചോദ്യങ്ങളുയരും. നേരത്തെ ഗംഭീറിന് ട്വന്‍റി 20 പരിശീലക സ്ഥാനം മാത്രമെ നല്‍കാന്‍ പാടുള്ളൂ എന്നൊരു വാദമുണ്ടായിരുന്നു. ട്വന്‍റി20യില്‍ ക്യാപ്റ്റനായും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും ലഖ്‌നൗ സൂപ്പർജയന്‍റെയും ഉപദേശകനായും ഗംഭീര്‍ തിളങ്ങിയിരുന്നു.
ഡ്രസിങ് റൂമിലും മൈതാനത്തും കാര്യങ്ങള്‍ ശരിയാകുന്നില്ലെങ്കില്‍ ഗംഭീറിന്‍റെ സ്ഥാനം തെറിക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. 'ഇനി ഒരു ടെസ്റ്റ് മത്സരം കൂടി ഇന്ത്യ കളിക്കാനുണ്ട്. തുടര്‍ന്ന് ചാംപ്യന്‍സ് ട്രോഫിയുണ്ട്. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഗൗതം ഗംഭീറിന്‍റെ സ്ഥാനം പോലും സുരക്ഷിതമാകില്ല', പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ഗംഭീറായിരുന്നില്ല ബിസിസിഐയുടെ ആദ്യ ചോയിസ്. അത് വിവിഎസ് ലക്ഷ്മണനായിരുന്നു. പ്രമുഖരായ വിദേശ അപേക്ഷകര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും പരിശീലിപ്പിക്കാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. അതിനാല്‍ കോച്ചിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തിയതോടെ നയപരമായ കാര്യങ്ങളില്‍ ബിസിസിഐ തീരുമാനം വൈകുകയാണ്. നിലവിലെ പ്രസിഡന്‍റ് റോജർ ബിന്നി സുപ്രധാന തീരുമാനങ്ങളെടുക്കുന്നില്ല. ജനുവരി 12ന് ശേഷമാണ് പുതിയ മുഴുവൻ സമയ സെക്രട്ടറി വരുന്നത്. ഇതോടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.