ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിനൊപ്പം ടീമിലെ അസ്വാരസ്യവും ഇന്ത്യന്‍ ക്യാംപിന് തലവേദനയാണ്. മുതിര്‍ന്ന താരങ്ങളുടെ മോശം പ്രകടനത്തില്‍ പ്രധാനി ക്യാപറ്റന്‍ രോഹിത് ശര്‍മയാണ്. മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ ക്യാപ്റ്റന്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന സിഡ്നി ടെസ്റ്റില്‍ കളിക്കുമോ എന്നതിലാണ് പുതിയ ആശയകുഴപ്പം.
മത്സര തലേന്ന് ക്യാപ്റ്റന്‍മാര്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ മാത്രമാണ് പങ്കെടുത്തത്. രോഹിത് ശര്‍മ കളിക്കുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഹെഡ് കോച്ച് നല്‍കിയുമില്ല.
രോഹിത് ശര്‍മയുടെ അഭാവം ചൂണ്ടിക്കാണിച്ചപ്പോള്‍ ക്യാപ്റ്റനുമായി പ്രശ്നങ്ങളില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് കോച്ചിന്‍റെ സാന്നിധ്യം മതിയാകുമെന്നുമാണ് ഗംഭീറിന്‍റെ മറുപടി. രോഹിത് ശര്‍മ കളിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് പിച്ച് പരിശോധിച്ച ശേഷം മത്സര ദിവസം മാത്രമെ ടീമിനെ അന്തിമമായി തീരുമാനിക്കുകയുള്ളൂ എന്നായിരുന്നു ഗംഭീറിന്‍റെ ഉത്തരം.
സിഡ്നിയില്‍ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് കളിക്കില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. ആകാശ് ദീപിന് മാത്രമാണ് പരുക്കെന്നും ടീമില്‍ മറ്റു ഫിറ്റ്നസ് വിഷയങ്ങളില്ലെന്നും കോച്ച് വിശദീകരിച്ചു. സിഡ്നി ടെസ്റ്റിന്‍റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം, അടുത്ത ടെസ്റ്റ് വിജയിക്കുക എന്നതാണ് എല്ലാവരുടെയും ശ്രദ്ധയെന്നും കോച്ച് പറഞ്ഞു. ആകാശ് ദീപിന് പകരം ഹര്‍ഷിദ് റാണ കളിക്കുമെന്നാണ് സൂചന.
സിഡ്നിയിലെ രോഹിതിന്‍റെ പ്രകടനം അത്രമോശമല്ല. 2015-2021 കാലത്തിനിടെ രോഹിത് ശര്‍മ സിഡ്നിയില്‍ കളിച്ചത് രണ്ട് ടെസ്റ്റ്. നാല് ഇന്നിങ്സില്‍ നിന്നും നേടിയത് 170 റണ്‍സ്. രണ്ട് അര്‍ധ സെഞ്ചറിയും താരം നേടിയിട്ടുണ്ട്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ മൂന്ന് മത്സരങ്ങളില്‍ 10 റണ്‍സാണ് രോഹിതിന്‍റെ ഉയര്‍ന്ന സ്കോര്‍. 9, 3, 10, 3, 6 എന്നിങ്ങനെയാണ് രോഹിതിന്‍റെ സ്കോറിങ്.
സീരിസിലെ ഇന്ത്യയുടെ ഏക വിജയം പെര്‍ത്തിലായിരുന്നു. രോഹിത് ശര്‍മ കളിക്കാതിരുന്ന ടെസ്റ്റില്‍ പേസര്‍ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റും തോറ്റ രോഹിത് ശര്‍മ മെല്‍ബണിലെ തോല്‍വിയോടെ തുടര്‍ച്ചയായ ആറു ടെസ്റ്റിലാണ് വിജയമില്ലാതെ ടീമിനെ നയിക്കുന്നത്.
പേസ് നിരയുടെ മൂര്‍ച്ച കൂട്ടിയാണ് ഓസ്ട്രേലിയ സിഡ്നിയില്‍ ഇറങ്ങുക. ഫോമില്ലാത്ത മിച്ചല്‍ മാർഷിന് പകരക്കാരനായി ബ്യൂ വെബ്‌സ്റ്റർ അവസാന മത്സരത്തിൽ അരങ്ങേറുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയയാണ് 2-1 ന് മുന്നിട്ട് നിൽക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മിന്നുന്ന ബൗളിങ് പ്രകടനമാണ് വെബ്സ്റ്റരിനെ ടീമിലേക്ക് എത്തിച്ചത്.