സിഡ്നി ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയിലും മാന്യമായൊരു ബാറ്റിങ് നടത്തിയത് റിഷഭ് പന്ത് മാത്രമാണ്. ഒരു സിക്സറും മൂന്ന് ഫോറും സഹിതം 40 റണ്‍സെടുത്ത പന്താണ് ഇന്ത്യന്‍ ഇന്നിങ്സിലെ ടോപ്പ് സ്കോറര്‍. എന്നാല്‍ കടുത്ത വേദന സഹിച്ചാണ് റിഷഭ് പന്ത് ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. കയ്യിലും ഹെല്‍മറ്റിലുമായി രണ്ട് തവണയാണ് റിഷഭ് പന്തിന് ഏറുകൊണ്ടത്.
ഇന്ത്യന്‍ ഇന്നിങ്സില്‍ 35–ാം ഓവറിലാണ് റിഷഭ് പന്തിന് കയ്യില്‍ പന്തുകൊള്ളുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ കളിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. പന്ത് കൊണ്ട ഭാഗത്ത് ചതവുണ്ടായി. ടീം ഫിസിയോ എത്തി ഐസ് പായ്ക്ക് ഉപയോഗിച്ച് ശുശ്രൂഷ നല്‍കിയ ശേഷമാണ് പന്ത് ബാറ്റിങ് തുടര്‍ന്നത്.
ഇതിന് ശേഷം സ്റ്റാര്‍ക്കിന്‍റെ അടുത്ത ഓവറില്‍ 146 കിലോമീറ്റര്‍ വേഗതിയില്‍ വന്ന പന്താണ് റിഷഭ് പന്തിന്‍റെ ഹെല്‍മറ്റില്‍ തട്ടിയത്. ഹെല്‍മറ്റിന്‍റെ ഗ്രില്ലിലാണ് പന്ത് വന്ന് പതിച്ചത്. ഉടനെ സ്റ്റാര്‍ക്ക് പന്തിനടുത്തെത്തി കാര്യം തിരക്കുകയും ചെയ്തു.
കയ്യിലെ വേദന പരിഗണിക്കാതെ 46-ാം ഓവറില്‍ ഓസീസ് നിരയിലെ പുതുമുഖ താരം ബ്യൂ വെബ്സ്റ്ററിനെ റിഷഭ് പന്ത് അതിര്‍ത്തി കടത്തുകയും ചെയ്തു. ക്രീസില്‍ നിന്നിറങ്ങി പന്ത് ലോങ് ഓണിലേക്ക് സിക്സര്‍ പറത്തുകയായിരുന്നു താരം.
ബാറ്റിങില്‍ തകര്‍ന്ന ഇന്ത്യ 185 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണിങ് കൂട്ടുകെട്ട് നഷ്ടമായി. പിടിച്ചു നിന്നത് രവീന്ദ്ര ജഡേജയുടെയും റിഷഭ് പന്തും മാത്രമാണ്. 48 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. കോലി 17 റണ്‍സും രോഹിതിന് പകരം ടീമിലെത്തിയ ശുഭ്മാന്‍ ഗില്‍ 20 റണ്‍സും ജഡേജ 26 റണ്‍സുമെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഓസീസ് ബൗളിങിനെ നയിച്ചത്. മിച്ചല്‍ സ്റ്റാര്‍കിന് മൂന്നും കമ്മിന്‍സിന് രണ്ട് വിക്കറ്റും നേടി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.