വിമര്‍ശനശരമേറ്റ് വാങ്ങി സിഡ്നി ടെസ്റ്റില്‍ പുറത്തിരിക്കുന്ന രോഹിത് ശര്‍മയെ ചേര്‍ത്തുപിടിച്ച് ജസ്​പ്രീത് ബുംറ. അ‌ഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിന് സിഡ്നി ടെസ്റ്റിലിറങ്ങിയപ്പോഴാണ്  പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാകാനുള്ള തീരുമാനം രോഹിത് ശര്‍മ സ്വയം എടുത്തതാണെന്നായിരുന്നു ക്യാപ്റ്റന്‍ ബുംറയുടെ വെളിപ്പെടുത്തല്‍. നേതൃപാടവമെന്താണെന്ന് രോഹിത് കാണിച്ച് തരികയായിരുന്നു ആ തീരുമാനത്തിലൂടെയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'സിഡ്നിയില്‍ വിശ്രമിക്കാനുള്ള തീരുമാനം സ്വീകരിച്ചതിലൂടെ നായകന്‍ എന്തായിരിക്കേണം എന്ന് ഞങ്ങളുടെ ക്യാപ്റ്റന്‍ കാണിച്ചുതന്നു. ടീം ഒറ്റക്കെട്ടാണെന്നാണ് അതിന്‍റെ അര്‍ഥം. സ്വാര്‍ഥതയൊന്നും ആര്‍ക്കും ഇല്ല. ടീമിന് ഏറ്റവും നല്ലത് എന്താണോ അതില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. രോഹിത് വിശ്രമിക്കാന്‍ തീരുമാനിച്ചു, ആകാശിന് പരുക്കേറ്റതിനാല്‍ പ്രസിദ്ധ് ടീമിലെത്തി'– ടോസിനിടെ ബുംറ വ്യക്തമാക്കി. 

പരമ്പരയില്‍ മികച്ച പ്രകടനങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മെല്‍ബണില്‍ ആവേശകരമായിരുന്നു മല്‍സരം. സിഡ്നിയിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ പന്താകുമ്പോള്‍ ഉള്ള ബുദ്ധിമുട്ടുണ്ടാകുമെന്നും വെല്ലുവിളി ടീം ഏറ്റെടുക്കുന്നുവെന്നും ബാറ്റിങ് തിരഞ്ഞെടുത്ത് ബുംറ പറഞ്ഞു. 

അതേസമയം, സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ കെ.എല്‍.രാഹുലിനെയും യശസ്വി ജയ്സ്വാളിനെയും നഷ്ടപ്പെട്ടു. നിലയുറപ്പിക്കും മുന്‍പേ ഓപ്പണര്‍മാരെ ഓസീസ് മടക്കിയതോടെ പിന്നാലെയെത്തിയ  ഗില്ലും കോലിയും കരുതലോടെയാണ് ബാറ്റുവീശിയത്. 106 പന്തുകള്‍ നേരിട്ട ഇരുവരും 40 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 25–ാം ഓവറിലെ അവസാന പന്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ അല്‍പ്പം മുന്നോട്ട് കയറി നിന്ന് കളിക്കാന്‍ ശ്രമിച്ച ഗില്ലിന് കണക്കുകൂട്ടല്‍ പിഴച്ചു. നഥാന്‍ ലിയോണിനാണ് വിക്കറ്റ്. 20 റണ്‍സെടുത്ത് ഗില്‍ മടങ്ങി. 

ENGLISH SUMMARY:

Our captain has demonstrated great leadership by choosing to rest for this game. This reflects the unity within our team and the absence of selfishness. We are focused on doing whatever is in the best interest of the team. There are two changes: Rohit has opted to rest, and Akash Deep is injured, so Prasidh comes in,said Jasprit Bumrah at the toss