CRICKET-AUS-IND

സിഡ്നി ടെസ്റ്റില്‍ രോഹിത് ശര്‍മ വിശ്രമം ആവശ്യപ്പെട്ടതിനാല്‍ ഓസീസിനെതിരെ കളിക്കുന്നില്ലെന്നായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക വിശദീകരണം. രാവിലെ സിഡ്നിയില്‍ ബുംറയും ഇതേ നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. എന്നാല്‍ യാഥാര്‍ഥ്യം ഇതൊന്നുമല്ലെന്നും  പ്ലേയിങ് ഇലവനുള്ള 15 പേരുടെ സാധ്യത പട്ടികയില്‍ പോലും രോഹതിന്‍റെ പേര് ഉണ്ടായിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ബിസിസിഐ പുറത്തുവിട്ട ഔദ്യോഗിക പട്ടിക ഇങ്ങനെയാണ്.. യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറൈല്‍, അഭിമന്യു ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, ഹര്‍ഷിത് റാണ എന്നിവരുടെ പേരുകളാണ് ഉള്ളത്. 

അതേസമയം, ടീമിന്‍റെ ഔദ്യോഗിക വിശദീകരണത്തില്‍ തെറ്റില്ലെന്നും താരം കളിക്ക് ഇറങ്ങുന്നില്ലെങ്കില്‍ വിശ്രമം ആവശ്യപ്പെട്ടുവെന്ന് തന്നെയാണ് പറയുന്നത് എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം രോഹിതിനെ പുറത്തിരുത്തിയത് തന്നെയാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ തുറന്നടിച്ചു. 'പുറത്തിരുത്തുന്നതിനുള്ള ഔദ്യോഗിക ഭാഷ വിശ്രമം ആവശ്യപ്പെട്ടുവെന്നാണെന്നാണ് ഞാന്‍ കരുതുന്നത്. ആരാധകര്‍ ഇത് അംഗീകരിക്കുമോ? ആദ്യ ടെസ്റ്റ് രോഹിത് കളിച്ചിരുന്നില്ല. ന്യൂസീലന്‍ഡുമായുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള ആഭ്യന്തര മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. ഈ പരമ്പരയില്‍ ആര്‍ക്കെങ്കിലും വിശ്രമം ആവശ്യമുണ്ടെങ്കില്‍ അതിന് അര്‍ഹന്‍ ജസ്പ്രീത് ബുംറ മാത്രമാണെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിനോട് മഞ്ജരേക്കറുടെ പ്രതികരണം.  

അതേസമയം, സിഡ്നി ടെസ്റ്റില്‍ ഇന്ത്യ 185 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. പിന്നാലെ കോലിയും ഗില്ലും ചേര്‍ന്ന് അടിത്തറയിടാന്‍ ശ്രമിച്ചെങ്കിലും ആദ്യ സെഷനില്‍ തന്നെ ഗില്ലിനെ ഓസീസ് ബോളര്‍മാര്‍ മടക്കി. പിന്നാലെ കോലി പതിവു പോലെ സ്​ലിപില്‍ കുടുങ്ങി. നിതീഷ് റെഡ്ഡി പൂജ്യത്തിനും പുറത്തായി. പിടിച്ച് നിന്ന പന്തിന്‍റെയും വിക്കറ്റ് തെറിച്ചതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലായി. 98 പന്തില്‍ 40 റണ്‍സെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒടുവില്‍ വാലറ്റമാണ് സ്കോര്‍ 185 വരെയെങ്കിലും എത്തിച്ചത്. 

ENGLISH SUMMARY:

Rohit Sharma was left out of the playing eleven for the series-deciding fifth Test between India and Australia in Sydney. However, what surprised fans even more was that his name was missing from the 15 players listed on the official team sheet.