സിഡ്നി ടെസ്റ്റില്‍ വിക്കറ്റ് തകര്‍ച്ചയോടെയാണ് ഇന്ത്യന്‍ തുടക്കം. സ്കോര്‍ 11 ല്‍ നില്‍ക്കുമ്പോള്‍ ഓപ്പണിങ് കൂട്ടുകെട്ട് ഓസീസ് പൊളിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് കെ.എല്‍ രാഹുലിനെയും സ്കോട്ട് ബോളണ്ട് ജയ്സ്വാളിനെയും മടക്കി. ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞ ശേഷം വിരാട് കോലിയും ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. ആദ്യ പന്തില്‍ തന്നെ കോലിയെ പുറത്താകലിന്‍റെ വക്കിലെത്തിയെങ്കിലും അംപയറുടെ കൃത്യമായ ഇടപെടല്‍ ഇന്ത്യയ്ക്ക് ജീവന്‍ വയ്പ്പിച്ചു.
7.4 ഓവറില്‍ 17/2 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴാണ് വിരാട് കോലി ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ പന്തില്‍ കോലിയുടെ ക്യാച്ച് സ്റ്റീവ് സ്മിത്ത് വഴി സ്ലിപ്പില്‍ ലബുഷെയ്ന്‍റെ കയ്യിലെത്തി. പരമ്പരയിലുടനീളം സ്ലിപ്പ് കെണിയില്‍ വീണ വിരാട് കോലിയെ പൂട്ടാന്‍ സിഡ്നിയില്‍ ഫുള്‍ സ്ലിപ്പാണ് ഓസ്ട്രേലിയ ഒരുക്കിയത്. ബോളണ്ടിന്‍റെ പന്തില്‍ എഡ്ജായ ക്യാച്ച് സ്ലിപ്പിലേക്ക് പോയി. രണ്ടാം സ്ലിപ്പിലായിരുന്ന സ്റ്റീവ് സ്മിത്തിലേക്ക് വന്ന് പന്ത് സ്കൂപ്പ് ചെയ്ത് ഉയര്‍ത്തി ലബുഷെയ്ന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
തന്ത്രം വിജയിച്ച ആഘോഷം ഓസീസ് ക്യാംപ് ആരംഭിച്ചെങ്കിലും ഗ്രൗണ്ട് അംപയര്‍ ഔട്ട് വിളിക്കാന്‍ തയ്യാറായില്ല. തേഡ് അംപയറുടെ സഹായം തേടിയതോടെയാണ് ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണത്. ലബുഷെയ്ന്‍റെ കയ്യിലെത്തുന്നതിന് മുന്‍പ് പന്ത് ടര്‍ഫില്‍ ഉരഞ്ഞുവെന്നായിരുന്നു തേഡ് അംപയറിന്‍റെ കണ്ടെത്തല്‍. ‘പന്ത് നിലത്തു തൊടുന്നുണ്ട്’ എന്ന് പറഞ്ഞ് അംപയര്‍ നോട്ട്ഔട്ട് വിളിച്ചു.
അംപയര്‍ക്ക് പിഴച്ചുവെന്നും കോലിയുടേത് ഔട്ടാണെന്ന വാദവുമായി ചില ഓസീസ് താരങ്ങള്‍ രംഗത്തിറങ്ങി. ഓസ്‌ട്രേലിയൻ ഓപ്പണറും പരിശീലകനുമായിരുന്ന ജസ്റ്റിൻ ലാംഗര്‍ അത്തരം അഭിപ്രായകാരനാണ്. 'സ്മിത്തിന്‍റെ വിരലുകൾ പന്തിനു താഴെയായിരുന്നു. പന്ത് മുകളിലേക്ക് ഉയര്‍ത്തിവിടുന്നത് വിഡിയോയില്‍ കാണാം. സ്റ്റീവിന്‍റെ മികച്ച ശ്രമമായിരുന്നു. എന്‍റെ അഭിപ്രായത്തിൽ കോലി ഔട്ടാണ്' എന്നാണ് ലാംഗര്‍ കുറിച്ചത്. അതേസമയം, ഇര്‍ഫാന്‍ പഠാന്‍ കോലിക്ക് പിന്തുണയുമായി എക്സില്‍ കുറിപ്പിട്ടു.
2024 ല്‍ പത്ത് ടെസ്റ്റുകളിലെ 19 ഇന്നിങ്സില്‍ നിന്നായി 417 റണ്‍സാണ് കോലി നേടിയത്. 24.52 ശരാശരിയില്‍ ഒരു സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും താരം സ്വന്തമാക്കി. ഏക സെഞ്ചറിയാവട്ടെ ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നേടിയതാണ്. ഉച്ച ഭക്ഷണത്തിന് ശേഷം കളി തുടരുമ്പോള്‍ കോലിയും ഋഷഭ് പന്തുമാണ് ക്രീസില്‍. ഇന്ത്യ 67/3.