സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ക്യാപ്റ്റന്‍ ആരാകുമെന്നതില്‍ ആകാംക്ഷയേറുന്നു. മുതിര്‍ന്ന താരമായ വിരാട് കോലി ടീമിനെ നയിക്കുമെന്നും അല്ല ബുംറയാകുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അവയെ എല്ലാം അപ്രസക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഏറെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 25കാരനായ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കുമെന്നാണ് വാര്‍ത്തകള്‍. ആര്‍സിബി മുന്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ തന്‍റെ വിഡിയോയിലൂടെ നടത്തിയത്. രോഹിത് ശര്‍മ സിഡ്നിയില്‍ കളിക്കുമോ എന്ന ചോദ്യത്തിന് പിച്ചിന്‍റെ സ്വഭാവം അനുസരിച്ചാകും പ്ലേയിങ് ഇലവനെ തീരുമാനിക്കുകയെന്നായിരുന്നു ഗൗതം ഗംഭീറിന്‍റെ മറുപടി. ഇതാദ്യമായി രോഹിത് ഇല്ലാതെയായിരുന്നു ഗംഭീര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. രോഹിത് കളിക്കുമെന്ന് കോച്ച് ഉറപ്പിച്ച് പറയാത്ത സ്ഥിതിക്ക് എന്തോ ഗൗരവമായ സംഭവമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പരമ്പരയില്‍ 2–1ന് ഓസീസ് മുന്നിലാണ്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് രോഹിത് കാഴ്ച വച്ചത്. പെര്‍ത്തിലെ ജയത്തിലാവട്ടെ രോഹിത് ഉണ്ടായിരുന്നതുമില്ല. കളിച്ച മല്‍സരങ്ങളില്‍ നിന്നെല്ലാമായി രോഹിത് നേടിയത് വെറും 31 റണ്‍സും. അതും ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു വിദേശതാരത്തിന്‍റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയിലും. അതുകൊണ്ട് തന്നെ സിഡ്നിയില്‍ കളിച്ചാല്‍ അത് രോഹിതിന്‍റെ അവസാന മല്‍സരമാകുമെന്നും കളിച്ചില്ലെങ്കിലും താരം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്നുമാണ് റിപ്പോര്‍ട്ട്.
രോഹിത് വാര്‍ത്താസമ്മേളനത്തില്‍ എത്താതിരുന്നതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ 'രോഹിത് നന്നായിരിക്കുന്നു, കളിക്ക് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ എത്തണമെന്ന ചട്ടമുള്ളതായി അറിയില്ല. മുഖ്യ പരിശീലകന്‍ ഇവിടെയുണ്ട്. അത് ധാരാളമാണ്. വിക്കറ്റെങ്ങനെയെന്ന് നോക്കിയ ശേഷം അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളുമെന്നായിരുന്നു ഗംഭീറിന്‍റെ മറുപടി. രോഹിത് പരിശീലനത്തിനും എത്തിയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പിച്ച് കണ്ടശേഷം മാത്രമേ പ്ലേയിങ് ഇലവന്‍ സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. മറ്റൊരുത്തരവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് തന്നെ ആയിരുന്നു ഗംഭീറിന്‍റെ മറുപടി. അതേസമയം, പുറത്തിന് പരുക്കേറ്റത് കൊണ്ട് ആകാശ് ദീപ് അവസാന ടെസ്റ്റ് കളിക്കില്ലെന്ന് കോച്ച് പറഞ്ഞു.
സിഡ്നിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ജയിച്ച് പരമ്പര സമനിലയിലാക്കാനും അതുവഴി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്പ്പിക്കാനുമാണ് ഇന്ത്യന്‍ ശ്രമം. സിഡ്നിയില്‍ നാളെയാണ് മല്‍സരം.