സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഓസ്ട്രേലിയ ആറു വിക്കറ്റിന് ജയിച്ചു. അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഓസീസ് 3–1ന് സ്വന്തമാക്കി. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. 162 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
പ്രസിദ്ധ് കൃഷ്ണ മൂന്നും സിറാജ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായി. സ്കോട് ബോളന്റ് 45 റണ്‍സ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. ഇന്നലെ സ്കാനിങ്ങിന് വിധേയനായ ജസ്പ്രീത് ബുംറ ഇന്ന് ബാറ്റിങ്ങിനിറങ്ങിയെങ്കിലും ബോള്‍ ചെയ്യാന്‍ ഇറങ്ങിയില്ല. ബുമ്ര ബോള്‍ ചെയ്യാത്തതും ഇന്ത്യക്ക് തിരിച്ചടിയായി.
മൂന്നാം ദിവസം 141 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം നഷ്ടമായത്. സ്കോട്ട് ബോളണ്ട് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ്.