ഓസ്ട്രേലിയയിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീം അടിമുടി അഴിച്ചുപണിയാന്‍ ബിസിസിഐ. മികച്ച പ്രകടനമില്ലെങ്കില്‍ ടീമിന് പുറത്താവും സ്ഥാനമെന്നും ഒരു കളിക്കാരനും ടീമിനെക്കാളും ക്രിക്കറ്റിനെക്കാളും വലിയതല്ലെന്നും ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ബിസിസിഐ ഭാരവാഹി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ അല്ല ലോകമെന്നും ബിസിസിഐക്ക് രാജ്യത്തെ ക്രിക്കറ്റ് നടത്തിക്കൊണ്ട് പോകേണ്ടതുണ്ടെന്നും ക്രിക്കറ്റ് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിയെക്കാള്‍ വലിയതായി ആരും സ്വയം കരുതേണ്ടതില്ലെന്നും കരുത്തരായ ടീമിനെയാണ് രാജ്യത്തിനാവശ്യം. ബിസിസിഐ തലവനായി ചുമതലയേറ്റയുടന്‍ തന്നെ ദേവജിത്ത് സാക്കിയ ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി സംസാരിക്കുമെന്നും ടീം അംഗങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകുമെന്നും ഇരുവരെയും ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും ബിസിസിഐ ഉന്നതന്‍ സൂചന നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍ത്തില്‍ സെഞ്ചറി നേടിയിരുന്നുവെങ്കിലും പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളിലെല്ലാം കൂടി ആകെ 90 റണ്‍സ് മാത്രമാണ് വിരാട് കോലിക്ക് നേടാനായത്. ഇതിലൊന്നിലും അര്‍ധ സെഞ്ചറി പോലുമില്ലെന്നതും ശ്രദ്ധേയമാണ്.
രോഹിത് ശര്‍മയാവട്ടെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി ആകെ 31 റണ്‍സാണ് നേടിയത്. അതും 6.2 എന്ന ദയനീയ ശരാശരിയില്‍. സിഡ്നി ടെസ്റ്റില്‍ താരം സ്വയം പുറത്തിരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ കളിച്ച എട്ട് മല്‍സരങ്ങളില്‍ നിന്നായി ആകെ 164 റണ്‍സാണ് രോഹിതിന്‍റെ സമ്പാദ്യവും. സിഡ്നി ടെസ്റ്റിനിടെ താന്‍ വിരമിക്കുന്നില്ലെന്ന് രോഹിത് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കുന്നതടക്കമുള്ള നടപടികള്‍ ബിസിസിഐ ആലോചിക്കുന്നത്. ജൂണ്‍ പകുതിയോടെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.