ന്യൂസീലാന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. ഓക്‌ലന്‍ഡില്‍ 140 റണ്‍സിനാണ് സന്ദര്‍ശകര്‍ കിവീസിനെ കെട്ടുകെട്ടിച്ചത്. അസിത ഫെര്‍ണാണ്ടോയുടെയും മഹീഷ് തീക്ഷണയുടെയും ഇഷാന്‍ മലിംഗയുടെയും തീപാറുന്ന പന്തുകള്‍ക്കുമുന്നില്‍ വലഞ്ഞ ആതിഥേയര്‍ 29.4 ഓവറില്‍ വെറും 150 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റിന് 290 റണ്‍സെടുത്തിരുന്നു.
പേസര്‍ അസിതയും ഓഫ് സ്പിന്നര്‍ തീക്ഷണയും ചേര്‍ന്നാണ് ബോളിങ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ വില്‍ യങ്ങിനെ മടക്കി തീക്ഷണയും മൂന്നാം ഓവറില്‍ രചിന്‍ രവീന്ദ്രയെ പുറത്താക്കി ഫെര്‍ണാണ്ടോയും ശ്രീലങ്കയ്ക്ക് ഉജ്വല തുടക്കം നല്‍കി. 81 റണ്‍സെടുത്ത മാര്‍ക് ചാപ്മാന്‍ ഒഴികെ ഒറ്റ ന്യൂസീലാന്‍ഡ് ബാറ്റര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഫെര്‍ണാണ്ടോ 7 ഓവറില്‍ 26 റണ്‍സിനും തീക്ഷണ 35 റണ്‍സിനും മലിംഗ 35 റണ്‍സ് വഴങ്ങിയും 3 വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കുവേണ്ടി മൂന്ന് ബാറ്റര്‍മാര്‍ അര്‍ധസെഞ്ചറി നേടി. ഓപ്പണര്‍ പതും നിശങ്ക 42 പന്തില്‍ 5 സിക്സറടക്കം 66 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് അന്‍പത്തിനാലും ജനിത് ലിയനാഗെ അന്‍പത്തിമൂന്നും റണ്‍സെടുത്തു. കാമിന്ദു മെന്‍ഡിസ് 46 റണ്‍സ് നേടി. 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത മാറ്റ് ഹെന്‍റിയാണ് കിവീസ് ബോളര്‍മാരില്‍ മികച്ചുനിന്നത്. മിച്ചല്‍ സാന്റ്നര്‍ രണ്ടുവിക്കറ്റെടുത്തു. ആദ്യരണ്ട് ഏകദിനങ്ങള്‍ ജയിച്ച കിവീസ് പരമ്പര സ്വന്തമാക്കി. അടുത്തമാസം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള മികച്ച തയാറെടുപ്പായി ഇരുടീമുകള്‍ക്കും ഈ പരമ്പര.