ചാംപ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പുറംവേദന ഭേദമാകാത്തതിനെ തുടര്‍ന്നാണ് ബുംറ വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ബുംറയുടെ പുറത്ത് ഇപ്പോഴും നീര്‍ക്കെട്ടുണ്ടെന്നും ഇത് എന്‍സിഎയിലെ വിദഗ്ധര്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ മികച്ച എട്ട് ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന മല്‍സരങ്ങള്‍ കറാച്ചിയിലും റാവല്‍പിണ്ടിയിലും ലാബോറിലും ദുബായിലുമായാകും നടക്കുക. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ട്വന്‍20 ടീമിനെ പ്രഖ്യാപിക്കുന്നതിനായി ഇന്നലെ സെലക്ഷന്‍ കമ്മിറ്റി മുംബൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ബുംറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചര്‍ച്ചകളുണ്ടായത്. ചാംപ്യന്‍സ് ട്രോഫിയുടെ ടീം പ്രഖ്യാപിക്കുന്നതിനായുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ബിസിസിഐ സമയം നീട്ടിച്ചോദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
15അംഗ പ്രാഥമിക പട്ടികയില്‍ ബുംറയുടെ പേര് ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നതിന്‍റെ സാധ്യതകളാണ് സെലക്ടര്‍മാര്‍ ആരാഞ്ഞത്. ടീം പ്രഖ്യാപനത്തിന് ശേഷം ഫെബ്രുവരി 12വരെ ഈ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കും. ബുംറയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് നിലവിലെ ആലോചന. മാര്‍ച്ച് ആദ്യ ആഴ്ചയോടെ ബുംറ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് കരുതുന്നതായി ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. 'ബുംറയ്ക്ക് നിലവില്‍ നീര്‍ക്കെട്ടാണുള്ളത്, അസ്ഥികള്‍ക്ക് പൊട്ടലില്ല. അതുകൊണ്ട് മൂന്നാഴ്ച എന്‍സിഎയില്‍ നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം ഒന്നോ രണ്ടോ മല്‍സരം കളിച്ച ശേഷം ടീമിലെത്തുന്നത് ആലോചിക്കാമെന്നും' അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് രണ്ടിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം. അപ്പോഴത്തേക്ക് ബുംറ ക്ഷമത വീണ്ടെടുക്കുമോ എന്നത് സംശയമാണ്. ഇതിന് മുന്‍പായി ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയും 23ന് പാക്കിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് മല്‍സരങ്ങളുണ്ട്. ചാംപ്യന്‍സ് ട്രോഫിയുടെ സെമി മല്‍സരങ്ങള്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ നടക്കും. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍.