ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഓടി അപകടത്തില്‍പ്പെട്ട് ആരാധകന്‍. മെല്‍ബണ്‍ ടെസ്റ്റോടെ ഇന്ത്യക്കാര്‍ക്കും പരിചിതനാണ് സാം കോണ്‍സ്റ്റാസ്. ഓസ്ട്രേലിയന്‍ ആഭ്യന്തര ട്വന്റി 20 ലീഗായ ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സ് താരമാണ് 19കാരനായ സാം. പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് വരുന്നതിനിടെയാണ് സാമിനെ ആരാധകന്‍ തിരിച്ചറിഞ്ഞത്.
സാമിനെ കണ്ടയുടന്‍ തന്നെ വണ്ടി തിരിച്ച് ചാടിയിറങ്ങി ആരാധകന്‍ സാമിനെ ലക്ഷ്യംവച്ച് ഓടുകയായിരുന്നു ആരാധകന്‍. ഓടാനുള്ള തത്രപ്പാടിനിടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിനിടയാക്കിയത്. ഇറങ്ങിയതിനു പിന്നാലെ വണ്ടി ഉരുളാന്‍ തുടങ്ങി. തൊട്ടുമുന്‍പില്‍ മറ്റൊരു വാഹനമുണ്ടായിരുന്നു. വണ്ടി പോയി ഇടിച്ചെങ്കിലും മറ്റ് പരുക്കുകളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സിഡ്നി ക്രിക്കറ്റ് സെൻട്രലിലെ കാര്‍ പാര്‍ക്കിങ്ങിലാണ് സംഭവം. സാമിനു നേരെ ഓടുമ്പോഴും ശരിയായ രീതിയിലാണോ കാര്‍ നിര്‍ത്തിയിരിക്കുന്നതെന്ന് പരിശോധിക്കാനായി തിരിഞ്ഞുനോക്കിയപ്പോഴാണ് വാഹനം നീങ്ങുന്നത് ആരാധകന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഓടിവന്ന് കയറാന്‍ ശ്രമിച്ചെങ്കിലും മുന്‍പിലുള്ള വണ്ടിയില്‍ ഇടിച്ചാണ് നിന്നത്. അപകടമുണ്ടാക്കിയ ആരാധകന്‍റെ അനുമതിയോടെ സിഡ്നി തണ്ടേഴ്സാണ് വിഡിയോ പുറത്തുവിട്ടത്. ആദ്യടെസ്റ്റില്‍ തന്നെ 65 ബോളില്‍ 60 റണ്‍സ് നേടിയ താരത്തിന് മെല്‍ബണ്‍ ടെസ്റ്റോട് കൂടി വന്‍ ആരാധകനിരയും കൈവന്നിട്ടുണ്ട്.