അവസാനം കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ മൂന്നിലും മിന്നും സെഞ്ചറി, അവസാനം കളിച്ച ഏകദിനത്തിലും സെഞ്ചറി.. എന്നിട്ടും ഒരു ഐസിസി ഇവന്റിൽ ടീമിൽ ഇടം നേടാൻ മലയാളി താരം സഞ്ജു സാംസണ് കഴിഞ്ഞില്ല.. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ഫോം പരിഗണിക്കുമ്പോള്‍ ആദ്യ ചോയ്‌സ് ലഭിക്കേണ്ടത് സൂപ്പർ ഫോമിലുള്ള സഞ്ജുവിന് തന്നെയായിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ റിഷഭ് പന്തിനെയും, കെഎല്‍ രാഹുലിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിൽ ഉള്‍പ്പെടുത്തിയത്.
സഞ്ജുവിന്റെ ഒഴിവാക്കിയതിന്റെ പേരിൽ സെലക്ടർമാർക്കെതിരെ സോഷ്യൽ മീഡിയയിലാകെ വിമർശനം ഉയരുകയാണ്. അഗാർക്കർ ക്വാട്ട, രോഹിത് ക്വാട്ട, ഗംഭീർ ക്വാട്ട, ജയ് ഷാ ക്വാട്ട, മുംബൈ ക്വാട്ട, അഹമ്മദാബാദ് ക്വാട്ട എല്ലാം കിറുകൃത്യം...ഇത്രയും ബാലൻസ്ഡ് ആയി ടീം പ്രഖ്യാപിക്കാൻ ആർക്കും സാധിക്കില്ലെന്നാണ് സജാദിന്റെ കമന്റ്.
സെഞ്ചറി അടിച്ചു നിർത്തിയാലും രക്ഷയില്ല. ഇനി എന്നെങ്കിലും അവസരം കിട്ടിയാൽ ഡബിൾ സെഞ്ചറി അടിക്കൂ സഞ്ജു. എന്നാലും ടീമിൽ എടുക്കില്ല. ഞങ്ങളുടെ കരച്ചിൽ ഒന്ന് സ്ട്രോങ്ങ് ആക്കാല്ലോ എന്നാണ് അഡ്വ. ദിനേഷിന്റെ ട്രോൾ. ഇപ്പോഴത്തെ ഫോം നോക്കുക ആണേൽ രോഹിത്തും കോഹ്ലിയും ആണ് പുറത്ത് ഇരിക്കേണ്ടതെന്നാണ് വിക്ഷിത വിച്ചുവിന്റെ കമന്റ്.
അവസാനം കളിച്ച രണ്ടു ടി20 പരമ്പരകളിൽ 3 സെഞ്ചറി അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ഫോം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുതലാക്കേണ്ടതായിരുന്നു. എന്നാൽ സെലക്ടര്‍മാര്‍ക്ക് ഈ അസാമാന്യ പ്രകടനങ്ങളെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുക.
ഏകദിനത്തില്‍ സഞ്ജുവിന്റെ പ്രകടനം അത്ര മോശമൊന്നുമല്ല. 16 ഏകദിനങ്ങളിൽ നിന്ന് രു സെഞ്ചറിയും മൂന്നു ഫിഫ്റ്റികളുമടക്കം 56.66 ശരാശരിയില്‍ 510 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സൗത്താഫ്രിക്കയ്‌ക്കെതിരേ 2023ലായിരുന്നു സഞ്ജുവിന്റെ സെഞ്ചറി പ്രകടനം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. പരുക്കേറ്റ് ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമിയും ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ പരുക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുംറയും ടീമില്‍ ഇടംപിടിച്ചു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
ഫെബ്രുവരി 19ന് പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നിശ്ചയിച്ചിരിക്കുന്നത്.