ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ തിരിച്ചടിയായി വിരാട് കോലിയുടെ പരുക്ക്. പരിക്കിനെ തുടര്‍ന്ന് താരം സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 23 നാണ് ഡല്‍ഹി– സൗരാഷ്ട്ര മത്സരം ആരംഭിക്കുന്നത്.
കഴുത്തിന് പിന്നിലെ വേദനയെ തുടര്‍ന്ന് സൗരാഷ്ട്രയ്ക്കെതിരെ രാജ്കോട്ടില്‍ നടക്കുന്നു രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കായി കളിക്കാന്‍ സാധിക്കില്ലെന്ന് കോലി അറിയിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിലാണ് കോലിക്ക് കഴുത്തില്‍ വേദന അനുഭവപ്പെട്ടത്. ഇഞ്ചക്ഷന് ശേഷമാണ് കോലി മത്സരം തുടര്‍ന്നതെന്നാണ് വിവരം.
താരങ്ങള്‍ ആഭ്യന്തര ലീഗ് കളിക്കണമെന്ന് ബിസിസിഐ നിബന്ധയുണ്ട്. ഡല്‍ഹിയുടെ സാധ്യത പട്ടികയില്‍ കോലിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. ആദ്യ മത്സരം കോലി കളിക്കില്ലെങ്കിലും ജനുവരി 30ന് റെയില്‍വേസിനെതിരെയും ഡല്‍ഹിക്ക് മത്സരമുണ്ട്. ഇതിലേക്ക് കോലിഎത്തിയേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ അനുമതിക്ക് ശേഷം മാത്രമെ കോലിക്ക് ടീമില്‍ നിന്ന് ഒഴിയാന്‍ സാധിക്കുകയുള്ളൂ.
കോലിയോടൊപ്പം കെ.എല്‍ രാഹുലും പരുക്കിന്‍റെ ഭീഷണി നേരിടുന്നുണ്ട്. രാഹുലിന് കൈമുട്ടിനാണ് പരുക്ക്. കര്‍ണാടകയ്ക്കായി കളിക്കാന്‍ സാധിക്കില്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിക്കായി ഋഷഭ് പന്ത് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് പരുക്ക് വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ താരങ്ങളുടെ പരുക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയേയും തുടര്‍ന്ന് നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയെയും ബാധിക്കില്ലെന്നാണ് വിവരം.