ചാംപ്യന്‍സ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കടുത്ത വിമര്‍ശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജുവിനെ പോലെയൊരു സീനിയര്‍ താരത്തിന്‍റെ ഭാഗത്ത് നിന്നും അപക്വമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് കെസിഎ തുറന്നടിക്കുന്നു. അച്ചടക്ക നടപടി സ്വീകരിക്കേണ്ട തെറ്റാണ് സഞ്ജു വരുത്തിയത്. കാരണം കാണിക്കാതെ ക്യാംപില്‍ നിന്ന് മാറി നില്‍ക്കുകയാണുണ്ടായെതന്നും കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. അതിനിടെ ഗംഭീര്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടും രോഹിതും അഗാര്‍ക്കറും എതിര്‍ത്തുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സഞ്ജു ആഭ്യന്തര മല്‍സരങ്ങള്‍ ഒഴിവാക്കുന്നതും ദുബായില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ബിസിസിഐയും ഗൗരവത്തിലെടുത്തിരുന്നു.
ജയേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ 'സഞ്ജു ഒരു ദിവസം ഒരു മെസേജ് അയച്ചു.. ഐ വോണ്‍ഡ് ബി അവയ്ലബിള് ഫോര്‍ ദ് ക്യാംപ്' എന്ന്. ജസ്റ്റ്.. ഒരു റീസണ്‍ ഇല്ലാതെ. ഒരു സീനിയര്‍ പ്ലേയര്‍, ക്യാംപ് അനൗണ്‍സ് ചെയ്യുമ്പോള്‍ റീസണ്‍ കാണിക്കേണ്ടെ? എന്താണ് കാരണം? എന്തുകൊണ്ട് മാറിനിന്നു? അല്ലെങ്കില്‍ സുഖമില്ല..ഇതിപ്പോ രഞ്ജി ട്രോഫിയില്‍ നിന്നിറങ്ങിപ്പോയി. രഞ്ജി ട്രോഫിയില്‍ കര്‍ണാടക മാച്ച് കഴിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി എന്നും പറഞ്ഞ് ഇറങ്ങിപ്പോയി.എന്താണ് മെഡിക്കല്‍ എമര്‍ജന്‍സിയെന്ന് സഞ്ജു പറഞ്ഞില്ല. അപ്പോഴും നമ്മളൊന്നും കാണിച്ചില്ല. ഭാവി കളയേണ്ടെന്ന രീതിയില്‍ നമ്മള്‍ മിണ്ടാതെയിരുന്നു. ഇപ്പോഴും ഡിസിപ്ലിനറി ആക്ഷന്‍ എടുത്തില്ല'- അദ്ദേഹം വിശദീകരിച്ചു.
കെസിഎയുടെ ഈഗോയാണ് സഞ്ജുവിന്‍റെ വഴി മുടക്കുന്നതെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പരസ്യവിമര്‍ശനവുമായി കെസിഎ രംഗത്തെത്തിയത്. അസോസിയേഷന്‍റെ നയങ്ങളെ മാനിക്കാന്‍ സഞ്ജു തയ്യാറാവണമെന്നും സഞ്ജുവനെ പോലെ കഴിവുറ്റ താരം കേരളത്തിനായി കളിക്കുന്നതിനെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നു. കെസിഎ വഴി മാത്രമേ ഇന്ത്യന്‍ ടീമിലേക്ക് എത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി20 പരമ്പരയില്‍ സഞ്ജുവിനെ നിലനിര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി 22നാണ് മല്‍സരം ആരംഭിക്കുക. ധ്രുവ് ജുറെയ്ലാണ് സഞ്ജുവിനെ കൂടാതെയുള്ള വിക്കറ്റ് കീപ്പര്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് സീരിസിന് തുടക്കമാവുക. മറ്റ് മല്‍സരങ്ങള്‍ ചെന്നൈ, രാജ്കോട്ട്, പൂണെ, മുംബൈ എന്നിവിടങ്ങളിലും നടക്കും.