വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളിലെ താരമാണ് യുവ്രാജ് സിങിന്‍റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്രാജ് സിങ്. കളിക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയുള്ള ബിസിസിഐ നടപടിയെ സ്വാഗതം ചെയ്തുള്ള യോഗ്രാജിന്റെ വാക്കുകളാണ് നിലവില്‍ വിവാദമായിരിക്കുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്കും അച്ചടക്കം ബാധകമാണെന്നും കുടുംബത്തെ പതിവായി കൂടെക്കൂട്ടുന്നത് ക്രിക്കറ്റിന് ദോഷം ചെയ്യുമെന്നും ഇയാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'ഭാര്യമാര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല. എന്തിനാണ് രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ കുടുംബത്തെയും കുട്ടികളെയും കൂടെക്കൂട്ടുന്നത്? കളിക്കുമ്പോള്‍ ടീമാണ് നിങ്ങളുടെ കുടുംബം. അത് മനസിലാക്കുകയാണ് അടിസ്ഥാനപരമായി വേണ്ടത്'- യോഗ്രാജ് നിലപാട് വ്യക്തമാക്കി. 'ടീമിനൊപ്പം യാത്ര ചെയ്യുമ്പോള്‍ കുടുംബത്തെ കൂടെ കൂട്ടുന്നതിന്‍റെ കാര്യമെന്താണ്? അത് ശ്രദ്ധ തെറ്റിക്കും. വിരമിച്ച് കഴിഞ്ഞാല്‍ കുടുംബത്തിനൊപ്പം മുഴുവന്‍ നേരവും ചെലവഴിക്കാമല്ലോ.പക്ഷേ നിങ്ങള്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ ഷെഫിനെയടക്കം ഒപ്പം കൊണ്ടുപോകുന്നത് അധികഭാരമാണെന്നും അദ്ദേഹം പറയുന്നു.
കളിക്കാര്‍ക്കായി മാര്‍ഗനിര്‍ദേശം തയ്യാറാക്കിയ ബിസിസിഐയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഒരുകാലത്ത് ക്രിക്കറ്റ് കളിച്ചവരാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ എത്തരത്തിലാവണം അതിന്‍റെ ഘടനയെന്നതിനെ കുറിച്ച് ധാരണയുമുണ്ട്. രോഹിതിനെ ക്യാപ്റ്റനാക്കിയതും ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിലനിര്‍ത്തിയതും നല്ല തീരുമാനമാണ്. നാളെ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ട ആളാണ് ഗില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇങ്ങനെയാണ് ഒരു ടീമിനെ പിന്തുണയ്ക്കേണ്ടതെന്നും ദുര്‍ഘട സമയത്ത് ഒപ്പമുണ്ടാവേണ്ടതുണ്ടെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.