ഈഡന്‍ഗാര്‍ഡന്‍സിലെ പുകമഞ്ഞാണ് വിനയായതെന്ന് ട്വന്‍റി20യിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ചെന്നൈയിലെ ആകാശം കുറച്ച് കൂടി തെളിഞ്ഞതാകുമെന്നാണ് പ്രതീക്ഷയെന്നും ഡെയ്​ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ട്വന്‍റി20യില്‍ സ്പിന്‍ ബോളിങിനെ നേരിടുക അല്‍പ്പം കഠിനമാണ്. അതിനൊപ്പം പുകമഞ്ഞും കൂടിയായതോടെ കളി കൈവിട്ടു പോയെന്നും അദ്ദേഹം പറയുന്നു. വരുണ്‍ ചക്രവര്‍ത്തി ഉജ്വല ബോളറാണെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു. 

വരുണ്‍ ചക്രവര്‍ത്തിയാണ് ആദ്യ ട്വന്‍റി20യില്‍ ബ്രൂക്കിന്‍റെയും ബട്​ലറുടെയും ലിയാം ലിവിങ്സ്റ്റണിന്‍റെയും വിക്കറ്റുകള്‍ പിഴുതത്.33 റണ്‍സിനിടെയായിരുന്നു മൂന്ന് വിക്കറ്റുകളും. 'സാധാരണയായി മധ്യനിരയിലാണ് ഇറങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ആദ്യത്തെ കുറച്ച് പന്തുകള്‍ ഓഫ്​സ്പിന്നാകും നേരിടേണ്ടി വരിക'. സ്പിന്‍ നേരിടാന്‍ തനിക്ക് തന്‍റേതായ മാര്‍ഗങ്ങള്‍ ഉണ്ടെന്നും ബ്രൂക്ക് പറഞ്ഞു. 

ബാറ്റിങിനെ തുണയ്ക്കുന്ന കൊല്‍ക്കത്തയിലെ പിച്ചില്‍ അപ്രതീക്ഷിത ആഘാതമാണ് ഇംഗ്ലണ്ടിന് ഉണ്ടായത്. ബ്രൂക്ക് ഉള്‍പ്പടെയുള്ള ട്വന്‍റി20 സൂപ്പര്‍താരങ്ങള്‍ക്കെല്ലാം ഈഡന്‍ഗാര്‍ഡന്‍സില്‍ അടിതെറ്റി. സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ചെപ്പോക്കില്‍ വെള്ളംകുടിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അഞ്ച് മല്‍സരങ്ങളുടെ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്. വൈകുന്നേരം ഏഴുമണിക്കാണ് ചെന്നൈയില്‍ മല്‍സരം.

ENGLISH SUMMARY:

After England's loss in the T20 match, vice-captain Harry Brook stated that the smog in Eden Gardens was to blame. He also expressed hope that the sky in Chennai would be a little clearer.