മികച്ച ബാറ്റിങ് ശരാശരിയുണ്ടായിട്ടും സഞ്ജു സാംസണെ തഴയുകയാണെന്ന് ഹര്‍ഭജന്‍ സിങ്. ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതിലാണ് ഹര്‍ഭജന്‍റെ പ്രതികരണം. 2023 ഡിസംബറിലാണ് ഇന്ത്യയ്ക്കായി സഞ്ജു ഏകദിനത്തില്‍ അവസാനമായി കളിച്ചത്. ഋഷഭ് പന്താവട്ടെ, കാര്‍ അപകടത്തില്‍ പരുക്കേറ്റ് ആ സമയത്ത് ചികില്‍സയിലുമായിരുന്നു. എന്നിട്ടും 2024ല്‍ ശ്രീലങ്കയ്ക്കെതിരായ എകദിന പരമ്പരയില്‍ സഞ്ജുവിനെ പുറത്തിരുത്തുകയും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 16 ഏകദിനങ്ങളില്‍ നിന്നായി 56 ആണ് സഞ്ജുവിന്‍റെ ശരാശരിയെന്നും സ്വിച്ചുമായുള്ള സംഭാഷണത്തില്‍ ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു.
'സഞ്ജുവിനെ ഓര്‍ത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. നന്നായി സ്കോര്‍ ചെയ്തിട്ടും ടീമിന് പുറത്താണ് സഞ്ജുവിന്‍റഎ സ്ഥാനം. നിങ്ങള്‍ക്ക് 15 പേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് എനിക്കറിയാം. പക്ഷേ ഏകദിനത്തിന് ഇണങ്ങുന്നതാണ് സഞ്ജുവിന്‍റെ ശൈലി. 55–56 ആണ് സഞ്ജുവിന്‍റെ ശരാശരി. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായി പോലും സഞ്ജു ടീമില്‍ ഇല്ല. സഞ്ജുവിന്‍റെ കാര്യം വരുമ്പോള്‍ എവിടെ ഉള്‍പ്പെടുത്തും എന്നാണ് ചോദ്യം വരുന്നത്. ടീമില്‍ ഇടം ഉണ്ടാക്കുകയല്ലേ?– ഹര്‍ഭജന്‍ ചോദ്യമുയര്‍ത്തുന്നു.
ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ചഹലിനെ ഒഴിവാക്കിയതിലും ഹര്‍ഭജന്‍ നിരാശ പങ്കുവച്ചു. മികച്ച ലെഗ് സ്പിന്നറാണ് ചഹലെന്നും ടീമില്‍ ഉള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. 'സഞ്ജുവില്ല, ചഹലും ഇല്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. അതില്‍ രണ്ടുപേര്‍ ഇടങ്കയ്യന്‍മാരാണ്. ഒരുമാറ്റത്തിന് വേണ്ടിയെങ്കിലും ഒരു ലെഗ് സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്താം. ചഹല്‍ സൂപ്പര്‍ ബോളറാണ്. ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വേണ്ടി ചഹല്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യശസ്വിക്ക് ഓപ്പണറാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായ സ്ഥിതിക്ക് ഗില്ലാകും ഓപ്പണറായി ഇറങ്ങുകയെന്നും ഹര്‍ഭജന്‍ പറയുന്നു. മൂന്നും നാലും സ്ഥാനങ്ങളിലും യശസ്വി ഇറങ്ങുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും വിരാട് കോലിയും ശ്രേയസ് അയ്യരുമാകാം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ടാവുകയെന്നും അദ്ദേഹം വിലയിരുത്തുന്നു.