ഹര്‍ഷിത് റാണ (ഇടത്ത്), ബുംറ, വരുണ്‍ ചക്രവര്‍ത്തി
ആശങ്കകള്‍ ശരിവച്ച് ജസ്പ്രീത് ബുംറ ചാംപ്യന്‍സ്ട്രോഫിക്ക് പുറത്ത്. പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ബുംറയെ ഒഴിവാക്കിയുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍ഷിത് റാണയാണ് ബുംറയ്ക്ക് പകരക്കാരന്‍. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ പുറത്തിനേറ്റ പരുക്കാണ് ബുംറയ്ക്ക് വിനയായത്. അപ്രതീക്ഷിതമായി വരുണ്‍ ചക്രവര്‍ത്തി ടീമില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. യശസ്വി ജയ്സ്വാളിനെ നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റ്യൂട്ടാക്കിയാണ് വരുണ്‍ ടീമിലിടം പിടിച്ചത്. യശസ്വിയെ കൂടാതെ മുഹമ്മദ് സിറാജും ശിവം ദുബെയും നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റ്യൂട്ടുകളാണ്.
ഫെബ്രുവരി 19ന് പാക്കിസ്ഥാനിലാണ് ചാംപ്യന്‍സ് ട്രോഫിക്ക് തുടക്കമാവുക. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഫെബ്രുവരി 23ന് പാക്കിസ്ഥാനെതിരെയും മാര്‍ച്ച് മൂന്നിന് ന്യൂസീലാന്‍ഡിനെതിരെയും ഇന്ത്യ കളിക്കും.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ,വരുണ്‍ ചക്രവര്‍ത്തി. നോണ്‍ ട്രാവലിങ് സബ്സ്: യശസ്വി ജയ്സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ.
പരുക്ക് ഭേദമാകുമെന്നും ബുംറ ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് മല്‍സരങ്ങളിലൊഴികെ കളിച്ചേക്കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ ഏറ്റവും പുതിയ സ്കാനിങ് റിപ്പോര്‍ട്ടുകള്‍ക്കൊടുവിലും ബുംറയ്ക്ക് വിശ്രമം വേണമെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. നേരത്തെയും പുറംവേദനെ തുടര്‍ന്ന് 11 മാസത്തോളം ബുംറയ്ക്ക് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. സെപ്റ്റംബര്‍ 2022 മുതല്‍ ഓഗസ്റ്റ് 2023 വരെയായിരുന്നു ഇത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. അയര്‍ലന്‍ഡിനെതിരായ ട്വന്‍റി20യിലൂടെയാണ് താരം കളിക്കളത്തിലേക്ക് മടങ്ങിവന്നത്. അതിന് ശേഷം ബുംറയ്ക്ക് അമിതസമ്മര്‍ദം നല്‍കാതിരിക്കാന്‍ ടീം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളിലായി 151.2 ഓവറുകളാണ് താരമെറിഞ്ഞത്. പെര്‍ത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചും പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയും ബുംറ ടീമിനെ ചുമലിലേറ്റി. ഓസ്ട്രേലിയയില്‍ എല്ലാ അര്‍ഥത്തിലും തിളങ്ങാനായ ഇന്ത്യന്‍ താരവും ബുംറ മാത്രമായിരുന്നു.