പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ എന്ന നേട്ടത്തിലേക്കാണ് കോലി എത്തിയത്. പാകിസ്ഥാന്‍ താരം നസീം ഷായുടെ ക്യാച്ചോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരമായി കോലി മാറി.
ഇന്നത്തെ മത്സരത്തിലെ രണ്ട് ക്യാച്ച് സഹിതം 158 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ റെക്കോര്‍ഡാണ് കോലി തകര്‍ത്തത്. 156 ക്യാച്ചാണ് അസറുദ്ദീന്‍ ഇന്ത്യയ്ക്കായി നേടിയത്. കുല്‍ദീപ് യാദവിന്‍റെ പന്തിലാണ് 14 റണ്‍സെടുത്ത നസീം ഷായെ കോലി ക്യാച്ചെടുത്ത് പുറത്താക്കിയത്. അവസാന വിക്കറ്റായ ഖുശ്ദിൽ ഷായുടെ ക്യാച്ചും കോലിയാണ്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയതിന്‍റെ ലോക റെക്കോർഡ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയുടെ പേരിലാണ്. 448 മത്സരങ്ങളില്‍ നിന്നും 218 ക്യാച്ചാണ് ജയവർധനയ്ക്കുള്ളത്. രണ്ടാമത് 160 ക്യാച്ചുകളോടെ റിക്കി പോണ്ടിങാണ്. മൂന്നാം സ്ഥാനത്താണ് കോലി.
ഐസിസി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ കോലിക്ക് ഇന്ന് മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കാന്‍ സാധിക്കും. പാകിസ്ഥാനെതിരെ 15 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമാകും കോലി.
പാക്കിസ്ഥാനെതിരെ 81 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ റിക്കി പോണ്ടിങിനെ മറികടക്കാന്‍ കോലിക്ക് സാധിക്കും. 27483 റണ്‍സാണ് റിക്കി പോണ്ടിങ് നേടിയത്. 27,403 റണ്‍സാണ് കോലി നേടിയത്.