സ്വന്തം നാട്ടില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷച്ചതല്ല. ന്യൂസിലാന്‍ഡിനെതിരെയും ഇന്ത്യയ്ക്കെതിരെയും തുടര്‍ച്ചയായ തോല്‍വി. അതും നാണംകെട്ട തോല്‍വിയെന്ന് പറയാവുന്നവ. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് 60 റണ്‍സിനാണ് തോറ്റ പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് തോറ്റത് ആറു വിക്കറ്റിന്.
രണ്ട് മത്സരങ്ങള്‍ തീര്‍ന്നപ്പോള്‍ ഗ്രൂപ്പ് എയില്‍ പോയന്റൊന്നുമില്ലാത്തതിനാല്‍ അടുത്ത റൗണ്ടിലേക്കുള്ള പാക്കിസ്ഥാന്‍റെ യാത്രയ്ക്ക് ഏകദേശം അന്ത്യമായി. എന്നാല്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കി പാക്കിസ്ഥാന് സെമിയിലേക്ക് എത്താനാകും. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ബംഗ്ലാദേശ് - ന്യൂസീലന്‍ഡ് മത്സരം വ്യക്തത നല്‍കും.
ന്യൂസിലാന്‍ഡിന് ഇനി സമ്പൂര്‍ണ തോല്‍വി. ബംഗ്ലാദേശിനെതിരെ ഒരു വമ്പന്‍ ജയം. ഇതാണ് ഇനി പാക്കിസ്ഥാന്‍റെ പ്ലാന്‍. ഈ വിജയം സാധ്യമായാല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് പാക്കിസ്ഥാന് ലഭിക്കും. പാക്കിസ്ഥാനും ന്യൂസിലാന്‍ഡിനും ബംഗ്ലാദേശിനും ഒരേ പോയിന്റ് നിലയാകും. ഈ ഘട്ടത്തില്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. അങ്ങനെ വന്നാല്‍ ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാന്‍ സെമിഫൈനലിലേക്ക് എത്തും.
തിങ്കളാഴ്ച റാവല്‍പിണ്ടിയിലാണ് ബംഗ്ലാദേശ് - ന്യൂസീലന്‍ഡ് മത്സരം. രാത്രിയോടെ ഈ മത്സരത്തിന്‍റെ ഫലം വരുമ്പോള്‍ പാകിസ്താന്റെ സെമി സാധ്യതകള്‍ക്ക് വ്യക്തത കൊണ്ടുവരും.
ന്യൂസിലാന്‍ഡ് ജയിച്ചാല്‍ നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍ കാഴ്ചക്കാരായി മാറും. ഇന്ന് ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനെതിരായ പാക്കിസ്ഥാന്‍റെ മത്സരമാണ് നിര്‍ണായകം. 27 നടക്കുന്ന മത്സരത്തില്‍ വലിയ മാര്‍ജിനിലുള്ള വിജയമാണ് പാക്കിസ്ഥാന് ആവശ്യം. ഇവിടെ ജയിച്ചാലാണ് ഇന്ത്യ– ന്യൂസിലാന്‍ഡ് മത്സരത്തിന് പാക്കിസ്ഥാന്‍ കാത്തിരിക്കേണ്ടതുള്ളൂ.