ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് നിലവിലെ കിരീട ജേതാക്കളായ പാകിസ്ഥാന്‍ പുറത്ത്. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെയാണ് പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. 5 വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുത്തു.
നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ, ജാക്കർ അലി എന്നിവരുടെ ബാറ്റിങ്ങിലൂടെയാണ് ബംഗ്ലാദേശ് ഭേദപ്പെട്ട നിലയിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 23 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ പ്രകടനമാണ് കിവീസിന് ജയം അനായാസമാക്കിയത്. തോൽവിയോടെ ബംഗ്ലാദേശും ടൂർണമെന്റിൽ നിന്ന് പുറത്തായി.
ബംഗ്ലദേശിനെതിരായ സെഞ്ചറിയോടെ ഐസിസി ടൂർണമെന്റുകളിൽ ന്യൂസീലൻഡിനായി കൂടുതൽ സെഞ്ചറി നേടിയ താരമെന്ന റെക്കോർഡ് രചിൻ രവീന്ദ്രയുടെ പേരിലായി. 2023 ലെ ഏകദിന ലോകകപ്പും ചാംപ്യൻസ് ട്രോഫിയും കളിച്ച രചിൻ 11 ഇന്നിങ്സുകളിൽനിന്ന് നാല് സെഞ്ചറികളാണ് കിവീസിനായി അടിച്ചുകൂട്ടിയത്.
34 ഇന്നിങ്സുകളിൽനിന്ന് മൂന്ന് സെഞ്ചറി നേടിയ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസനെയാണ് ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര പിന്തള്ളിയത്. ഏകദിന ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും അരങ്ങേറ്റ ടൂർണമെന്റിൽ തന്നെ സെഞ്ചറി നേടുന്ന ആദ്യ താരമാണ് രചിന്‍. 2023ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ താരം സെഞ്ചറി തികച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണു നേടിയത്. അർധ സെഞ്ചറി തികച്ച ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോയുടെ ഇന്നിങ്സാണ് ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 110 പന്തുകൾ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റൻ 77 റൺസെടുത്തു പുറത്തായി. ഒൻപതു ഫോറുകളാണു താരം ബൗണ്ടറി കടത്തിയത്. ജേക്കർ അലി (55 പന്തിൽ 45), റിഷാദ് ഹുസെയ്ൻ (25 പന്തിൽ 26), തൻസിദ് ഹസൻ (24 പന്തിൽ 24) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു സ്കോറർമാര്‍. ന്യൂസീലൻഡിനായി മിച്ചൽ ബ്രേസ്‍വെൽ നാലു വിക്കറ്റുകൾ വീഴ്ത്തി. പത്തോവറുകൾ പന്തെറിഞ്ഞ താരം 26 റൺസ് മാത്രമാണു വഴങ്ങിയത്.
Google Trending Topic - Bangladesh Vs Newzealand Cricket Match