ഇംഗ്ലണ്ടിനെ ചാംപ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്താക്കി അഫ്ഗാനിസ്ഥാൻ. എട്ട് റൺസിനാണ് അഫ്ഗാന്റെ ജയം. 326 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 317 റൺസിന് പുറത്തായി. ജോ റൂട്ട് സെഞ്ചറി  നേടിയെങ്കിലും ടീമിന് നിർണായക ജയം സമ്മാനിക്കാനായില്ല. 120 റൺസെടുത്ത റൂട്ടിനെ നാൽപത്തിയാറാം ഓവറിൽ ഒമർസായി പുറത്താക്കി. 9.5 ഓവറിൽ 58 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാൻ ബോളർമാരിൽ തിളങ്ങിയത്.

ഇംഗ്ലണ്ട് താരങ്ങളിൽ ഓപ്പണർ ബെൻ ഡക്കറ്റ് ( 38), ക്യാപ്റ്റൻ ജോസ് ബട്‍ലർ ( 38), ജെയ്മി ഓവർട്ടൻ ( 32), ഹാരി ബ്രൂക്ക് ( 25), ഫിലിപ് സോൾട്ട് ( 12), ജോഫ്ര ആർച്ചർ ( 14), ലിയാം ലിവിങ്സ്റ്റൻ (10)  ജെയ്മി സ്മിത്ത് ( 9), ആദിൽ റഷീദ് (അഞ്ച്) റണ്‍സെടുത്തു.  മുഹമ്മദ് നബി രണ്ടും ഫസൽഹഖ് ഫാറൂഖി, റാഷിദ് ഖാൻ ഗുൽബാദിൻ നായിബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

144 പന്തില്‍ 177 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്റെ കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍  326 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. 37 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ശേഷമാണ് അഫ്ഗാന്‍ തിരിച്ചടിച്ചത്. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷഹിദി 40 റണ്‍സും ഒമര്‍സായി 41 റണ്‍സും നേടി.  ജോഫ്ര ആര്‍ച്ചര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 325 റൺസ്. ഓപ്പണറായി ഇറങ്ങി, അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോഴേയ്ക്കും 177 റൺസടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം. 146 പന്തിൽ 12 ഫോറും ആറു സിക്സും സഹിതമാണ് സദ്രാൻ 177 റൺസെടുത്തത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു തോറ്റ അഫ്ഗാനും ഓസ്ട്രേലിയയോടു തോറ്റ ഇംഗ്ലണ്ടിനും ടൂർണമെന്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ 165 റൺസടിച്ച ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിന്റെ റെക്കോർഡ് തകർത്താണ്, ചാംപ്യൻസ് ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോർ സദ്രാൻ സ്വന്തം പേരിലാക്കിയത്. അഫ്ഗാൻ താരങ്ങളുടെ ഉയർന്ന ഏകദിന സ്കോർ എന്ന സ്വന്തം റെക്കോർഡ് (162) ഈ മത്സരത്തിലൂടെ സദ്രാൻ പുതുക്കി 177 ആക്കി.സദ്രാനു പുറമേ അഫ്ഗാൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. 67 പന്തിൽ മൂന്നു ഫോറുകളോടെ 40 റൺസെടുത്ത ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി, 31 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റൺസെടുത്ത അസ്മത്തുല്ല ഒമർസായ്, 24 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40 റൺസെടുത്ത മുഹമ്മദ് നബി എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. 

ഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന അഫ്ഗാന് കരുത്തായതും, ഈ മൂന്നു പേർക്കൊപ്പം സദ്രാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ്. നാലാം വിക്കറ്റിൽ ഷാഹിദിക്കൊപ്പം 124 പന്തിൽ 103 റൺസ്, അഞ്ചാം വിക്കറ്റിൽ ഒമർസായിക്കൊപ്പം 63 പന്തിൽ 72 റൺസ്, ആറാം വിക്കറ്റിൽ മുഹമ്മദ് നബിക്കൊപ്പം 55 പന്തിൽ 111 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് സദ്രാൻ അഫ്ഗാനെ കൂറ്റൻ സ്കോറിൽ എത്തിച്ചത്.

ENGLISH SUMMARY:

Afghanistan knocked England out of the Champions Trophy. Afghanistan won by eight runs. Chasing 326, England were bowled out for 317. Joe Root scored a century but could not give the team a crucial victory. Root, who scored 120 runs, was dismissed by Omar Sai in the 46th over.

Google Trending Topic - Ibrahim Zadran