Image Credit: X/ TheSameerLive
ചാംപ്യന്‍സ് ട്രോഫിയില്‍ തോറ്റ് നാണംക്കെട്ട പാക്ക് ക്രിക്കറ്റിന് മറ്റൊരു നാണക്കേടിന്‍റെ വാര്‍ത്ത. പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മത്സരം നടക്കുന്നതിനിടെ ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി താരം. റാവില്‍പിണ്ടിയില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ട്രോഫി ഫൈനല്‍ മത്സരത്തിനിടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍റെ സൗദ് ഷക്കീല്‍ ഉറങ്ങിപോയത്. പാക്കിസ്ഥാന്‍ ടെലിവിഷനെതിരെയായിരുന്നു ഫൈനല്‍.
തൊട്ടടുത്ത പന്തുകളില്‍ സ്റ്റേറ്റ് ബാങ്ക് താരങ്ങളായ ഉമര്‍ അമിന്‍, ഫവദ് അലം എന്നിവരുടെ വിക്കറ്റ് പോയതാണ് പ്രശ്നമായത്. അഞ്ചാമനായ ഇറങ്ങേണ്ട സൗദ് ഷക്കീല്‍ ക്രീസിലെത്തിയപ്പോഴേക്കും മൂന്ന് മിനുറ്റ് കഴിഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ടെലിവിഷന്‍ ക്യാപ്റ്റന്‍ അഹമ്മദ് ബട്ട് ടൈംഡ് ഔട്ടിന് ആവശ്യപ്പെടുകായിയരുന്നു. തുടര്‍ന്ന് അംപയര്‍ താരത്തെ ടൈംഡ് ഔട്ട് ആക്കുകയായിരുന്നു. വിക്കറ്റിന് ശേഷം മൂന്ന് മിനിറ്റിനുള്ളില്‍ താരം ക്രീസിലെത്തണമെന്നാണ് നിയമം.
അടുത്ത ബാറ്റ്‌സ്മാൻ ഇർഫാൻ ഖാൻ ഗോൾഡൻ ഡക്കിന് പുറത്തായതോടെ പാക് ടെലിവിഷന്‍റെ കളിക്കാരന്‍ ഷഹ്‌സാദിന് ഹാട്രിക്കും ലഭിച്ചു. നേടിക്കൊടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്ത ടീം ഇതോടെ മൂന്ന് പന്തുകള്‍ക്കിടെ 128/5 എന്ന നിലയിലേക്ക് വീണു. ക്രിക്കറ്റ് ചരിത്രത്തിൽ സമയത്ത് ക്രീസിലെത്താത്തതിന്‍റെ പേരില്‍ പുറത്താകുന്ന ഒമ്പതാമത്തെ കളിക്കാരനാണ് ഷക്കീൽ. 2023 ലെ ഏകദിന ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ആഞ്ചലോ മാത്യൂസ് ഇത്തരത്തില്‍ പുറത്തായിരുന്നു.
റമസാൻ മാസമായതിനാല്‍ വ്യത്യസ്തമായ സമയക്രമത്തിലാണ് പ്രസിഡന്‍ഷ്യല്‍ ട്രോഫി മത്സരം നടക്കുന്നത്. മുസ്‍ലിം കളിക്കാര്‍ക്ക് നോമ്പെടുക്കേണ്ടതിനാല്‍ രാത്രിയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. വൈകുന്നേരം 7.30 മുതൽ പുലർച്ചെ 2:30 വരെയുള്ള സമയത്താണ് മത്സരങ്ങള്‍ നടക്കുന്നത്.
പാകിസ്ഥാന്റെ ചാംപ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെട്ട താരമാണ് സൗദ് ഷക്കീല്‍. കറാച്ചിയിൽ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തില്‍ ആറു റണ്‍സ് നേടിയ സൗദ് ഷക്കീല്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയിരുന്നു.