India's wicketkeeper KL Rahul breaks the stumps to run-out New Zealand's captain Mitchel Santner during the ICC Champions Trophy final cricket match between India and New Zealand at Dubai International Cricket Stadium in Dubai, United Arab Emirates
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം. 101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. എങ്കിലും ഇന്ത്യൻ സ്പിന്നർമാറുടെ കടുത്ത പ്രതിരോധത്തില്‍ മിച്ചല്‍ അടിച്ചത് മൂന്നു ഫോറുകള്‍ മാത്രമാണ്. മൈക്കിള്‍ ബ്രേസ്‍വെല്‍ അര്‍ധസെഞ്ചുറി നേടി. 40 പന്തിൽ 53 റൺസെടുത്തു താരം പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ.
ആദ്യ ഏഴോവറുകളിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. ഇതോടെ ഇന്ത്യ സ്പിന്നര്‍മാരെ ഇറക്കി. ഇന്ത്യക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിൽ വില്‍ യങ് എൽബിഡബ്ല്യു ആയി. ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബോൾഡാക്കുകയും ചെയ്തു. കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. 14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി. വരുൺ ചക്രവർത്തിയെറിഞ്ഞ 38–ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബോൾഡാകുകയായിരുന്നു. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരിൽ മിച്ചലിനെ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്.