ടെന്‍ഷനടിപ്പിച്ച അവസാന ഓവറുകള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക് സ്വന്തം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ‌്ക്ക് തുണയായത്. രോഹിത് ശര്‍മ 83 പന്തില്‍ 76 റണ്‍സെടുത്തു; ശ്രേയസ് അയ്യര്‍ (48). ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫിയാണിത്. തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടവും.
India's players celebrate their victory during the ICC Champions Trophy one-day international (ODI) final cricket match between India and New Zealand
ബംഗ്ലദേശിനെതിരായ ആദ്യ മല്‍സരം മുതല്‍ പരാജയമറിയാതെയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടുന്നത്. മല്‍സരത്തിലുട നീളം ഇന്ത്യ കളിച്ചതും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന ‘ഒറ്റ വേദി’യിലാണ്. സ്പിന്നര്‍മാരെ അനുകൂലിക്കുന്ന പിച്ചില്‍ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഹിറ്റ്മാനും സംഘവും ഇറങ്ങിയത്. സ്പിന്നര്‍മാര്‍ തന്നെയാണ് കിവീസിന്‍റെ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയതും. അവസാന നിമിഷം ഇന്ത്യന്‍ ടീമിലിടം പിടിച്ച റിസ്റ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി രണ്ടുവിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറര്‍. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ.
മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കിയായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യൻ നിരയിൽ ക്യാപ്റ്റന്‍ രോഹിത് ശർമ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മൻ ഗില്‍ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോലി (ഒന്ന്), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണ് പുറത്തായത്.
അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
India's wicketkeeper KL Rahul breaks the stumps to run-out New Zealand's captain Mitchel Santner during the ICC Champions Trophy final cricket match between India and New Zealand at Dubai International Cricket Stadium in Dubai, United Arab Emirates
ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ചരിത്രം സൃഷ്ടിച്ചതിന് കളിക്കാരും മാനേജ്‌മെന്റും സപ്പോർട്ട് സ്റ്റാഫും ഉയർന്ന അംഗീകാരങ്ങൾ അർഹിക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റിന് വളരെ ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു എക്സിൽ കുറിച്ചു. അസാധാരണമായ കളിയും അസാധാരണ ഫലവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ടൂർണമെന്റിലുടനീളം ടീം അത്ഭുതകരമായി കളിച്ചു, ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു. മറ്റ് കേന്ദ്രമന്ത്രിമാരും ടീമിനെ അഭിനന്ദിച്ചു.