ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.
ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ ഒരാള്‍ എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്‍റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി. 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.
അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്‍റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനടിയിലും കമന്‍റ് പൂരമാണ്. 'ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ… അന്തസ്സ് വേണമടാ അന്തസ്സ്' എന്നാണ് ഒരു കമന്‍റ്. എംഎല്‍എയ്ക്ക് 2013 ൽ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്‍റുകളും നിരവധിയാണ്. ‘തോമസുകുട്ടി വിട്ടോ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.