image: PTI Photo/Shailendra Bhojak(left), instagram.com/mdshami (right)
പന്തില്‍ ഉമിനീര് പുരട്ടുന്നതിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ബിസിസിഐ. ഐപിഎല്‍ സീസണ് നാളെ തുടക്കമാകാനിരിക്കെയാണ് ബിസിസിഐയുടെ നിര്‍ണായക നടപടി. മുംബൈയില്‍ ടീം ക്യാപ്റ്റന്‍മാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് പന്തില്‍ ഉമിനീര് പുരട്ടാനുള്ള അനുമതി ബിസിസിഐ നല്‍കിയത്. ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണച്ചുവെന്ന് ബിസിസിഐ ഉന്നതന്‍ പിടിഐയോട് വെളിപ്പെടുത്തി.
പന്തില്‍ ഉമിനീര് പുരട്ടുന്ന ശീലം കാലങ്ങളായി ബോളര്‍മാര്‍ പിന്തുടര്‍ന്ന് വന്നിരുന്നതാണ്. പന്തിന് തിളക്കമേറ്റാനും കാറ്റിലൂടെയുള്ള ചലനം കൂട്ടാനും മികച്ച സ്വിങ് ലഭിക്കാനും ഉമിനീര് തേക്കല്‍ സഹായിക്കുന്നു. ശരീരദ്രവങ്ങളിലൂടെ കോവിഡ് പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഐസിസി ഈ ശീലം താല്‍കാലികമായി വിലക്കിയത്. 2022 ല്‍ ആരോഗ്യ–സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്ക് സ്ഥിരമാക്കുകയും ചെയ്തു. ഐപിഎല്‍ ഐസിസി ചട്ടങ്ങള്‍ അനുസരിച്ചാണ് നടത്തിക്കൊണ്ടിരുന്നത്. ഇതുകൊണ്ട് ഉമിനീര് പുലര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഐപിഎല്‍ സീസണുകളിലും തുടരുകയായിരുന്നു.
പന്തില്‍ ഉമിനീര് പുരട്ടാന്‍ അനുവദിക്കണമെന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം മുഹമ്മദ് ഷമി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിനിടെ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന താരങ്ങളായ ടിം സൗത്തിയുള്‍പ്പടെയുള്ളവര്‍ ഷമിയുടെ ആവശ്യത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനം പുറത്തുവന്നത്. ഇതോടെ പന്തില്‍ ഉമിനീര് തേക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഷമി ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു.
അതേസമയം, വിലക്ക് നീക്കാനുള്ള ബിസിസിഐയുടെ തീരുമാനം ശരിയല്ലെന്നും ബോളര്‍മാര്‍ക്ക് അനാവശ്യമായ മേല്‍ക്കൈ നല്‍കുമെന്നും ഇത് കളിയുടെ രസംകൊല്ലുമെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.