ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാളിൻറെ ആഭ്യന്തര ക്രിക്കറ്റിലെ ടീം മാറ്റം അപ്രതീക്ഷിതമായിരുന്നു. മുംബൈ താരമായിരുന്ന യശസ്വി അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുക. ടീം മാറ്റം ആവശ്യപ്പെട്ടുള്ള താരത്തിൻറെ അഭ്യർഥന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിച്ചു. ഗോവയിൽ ടീം നായകനായാണ് താരം കളിക്കുക.
യശസ്വി മുംബൈ വിടാൻ കാരണം ടീമിലെ അസ്വാരാസ്യങ്ങളാണെന്നാണ് വിവരം. മുംബൈ ക്യാപ്റ്റനായ അജിൻക്യ രഹാനെയുമായി യശസ്വി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. 2022 ലെ ഒരു മൽസരത്തിനിടെയാണ് രണ്ട് ഇന്ത്യൻ താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. മൽസരത്തിനിടെ എതിർടീമിലെ താരത്തെ സ്ലെഡ്ജ് ചെയ്ത സംഭവത്തിൽ രഹാനെ ഇടപെട്ടതും യശസ്വിയെ ഗ്രൗണ്ടിന് പുറത്താക്കിയതും ആണ് പ്രശ്നങ്ങളുടെ തുടക്കം.
മൽസരത്തിൽ വെസ്റ്റ് സോണിന് കളിച്ച യശസ്വി 323 പന്തിൽ 30 ഫോറും നാല് സിക്സറും സഹിതം 265 റൺസ് നേടിയിരുന്നു. അവസാന ദിവസം സൗത്ത് സോൺ താരം രവി തേജയെ പരിധി കവിഞ്ഞ് സ്ലെഡ്ജ് ചെയ്യാനുള്ള ശ്രമമാണ് രഹാനെ ഇടപെട്ട് വിലക്കിയത്. പിന്നീട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് ശേഷം യശസ്വിയുടെ ഷോട്ട് സിലക്ഷനെ പറ്റിയുള്ള വിമർശനങ്ങവും താരത്തെ അസ്വസ്ഥനാക്കി.
രഞ്ജിയിൽ മുംബൈ– ജമ്മു കാശ്മീർ മൽസരത്തിനിടെ യശസ്വിയുടെ പ്രകടനത്തെ ടീം മാനേജ്മെൻറ് വിമർശിച്ചിരുന്നു. മുംബൈ പരിശീലകൻ ഓംകാർ സാൽവിയും രഹാനെയും താരത്തിന്റെ ഷോട്ടിനെ കുറ്റപ്പെടുത്തി. ഇതിൽ ക്ഷുഭിതനായി യശസ്വി ക്യാപ്റ്റൻ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിതെറിപ്പിച്ചിരുന്നു. വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിവും സമാന സംഭവം വിവരിക്കുന്നുണ്ട്.
യശസ്വി ടീം വിടാൻ കാരണം മുതിർന്ന താരവുമായുള്ള പ്രശ്നങ്ങളാണെന്നാണ് റിപ്പോർട്ട് പറയുന്നത്. മുംബൈ ടീം മാനേജ്‌മെന്റിനോടുള്ള അതൃപ്തിയും ഗോവയിലേക്ക് മാറാൻ കാരണമെന്നാണ് വിവരം.
കഴിഞ്ഞ സീസണിൽ ജമ്മു കാശ്മീരിനെതിരായ മൽസരത്തിൽ രണ്ടാം ഇന്നിങ്സിൽ യശസ്വിയുടെ ഷോട്ടിനെ മുതിർന്ന താരം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഒന്നാം ഇന്നിങ്സിൽ സീനിയർ താരത്തിന്റെ ഷോട്ട് സിലക്ഷൻ ശരിയായില്ലെന്നാണ് യശ്വസി തിരിച്ചടിച്ചത് എന്നും റിപ്പോർട്ടിലുണ്ട്.
പുതിയ അവസരങ്ങൾ കാരണമാണ് ഗോവയിലേക്ക് മാറുന്നതെന്നാണ് യശസ്വി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. ഇന്ന് ഞാൻ എന്താണോ അതിന് കാരണം മുംബൈയാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ എംസിഎയോട് കടപ്പെട്ടിരിക്കും. ഗോവ എനിക്ക് ഒരു പുതിയ അവസരം തന്നു. ആദ്യ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി നന്നായി ചെയ്യുക എന്നതാണ്. ദേശിയ ടീമിനൊപ്പം ഇല്ലാത്ത സമയം ഗോവയ്ക്ക് വേണ്ടി കളിക്കും എന്നായിരുന്നു യശ്വസിയുടെ പ്രതികരണം.