image: instagram.com/yashasvijaiswal

യുവക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍ പ്രണയത്തിലെന്ന് അഭ്യൂഹം. ബ്രിട്ടീഷുകാരിയായ മാഡി ഹാമില്‍ട്ടനുമായി യശസ്വി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യശസ്വി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് അഭ്യൂഹങ്ങളേറ്റിയത്. ബ്രിട്ടീഷ്– ഇന്ത്യന്‍ മോഡലും നടിയുമായ ഹേസല്‍ കീച്ചിനെ വിവാഹം കഴിച്ച യുവിയുടെ മാതൃക പിന്‍പറ്റുകയാണോ താരമെന്ന ചോദ്യമാണ് ആരാധര്‍ ഉയര്‍ത്തുന്നത്.

image: instagram.com/yashasvijaiswal28/

മാഡിക്കും സഹോദരന്‍ ഹെന്‍റിക്കുമൊപ്പം മുറിക്കുള്ളിലിരിക്കുന്ന ചിത്രത്തിനൊപ്പം 'കാലം കടന്നുപോകും, പക്ഷേ ചില ബന്ധങ്ങള്‍ ഒരിക്കലും മങ്ങില്ല. ഈ നിമിഷങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും യശസ്വി കുറിച്ചു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. യശസ്വി കളിക്കുന്ന സമയങ്ങളില്‍ മാഡി ഗാലറിയില്‍ ആര്‍ത്തുവിളിക്കുന്നത് കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. യു.കെയില്‍ വിദ്യാര്‍ഥിയാണ് മാഡി. 

ഐപിഎല്ലിലെ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് യശസ്വി. കൊല്‍ക്കത്തയ്ക്കയ്ക്കെതിരായ മല്‍സരത്തില്‍ മാത്രമാണ് യശസ്വിക്ക് രണ്ടക്കം കടക്കാനായത്. ചെന്നൈക്കെതിരെ നാല് റണ്‍സും സണ്‍റൈസേഴ്സിനെതിരെ ഒരു റണ്‍സുമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പ്രധാന ബാറ്ററായിട്ടും യശസ്വിക്ക് തിളങ്ങാനാവാത്തത് ഐപിഎല്ലില്‍ ടീമിന്‍റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കളിച്ച മൂന്നില്‍ രണ്ട് മല്‍സരങ്ങളും തോറ്റ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്‍പതാമതാണ്. ഇന്ന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍റെ മല്‍സരം. 

ആഭ്യന്തരക്രിക്കറ്റില്‍ ടീം മാറ്റം നടത്തിയും താരം അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുംബൈ താരമായിരുന്ന യശസ്വി അടുത്ത സീസണില്‍ ഗോവയ്ക്ക് വേണ്ടിയാകും കളിക്കുക. ടീം മാറ്റം ആവശ്യപ്പെട്ടുള്ള യശസ്വിയുടെ അപേക്ഷ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിച്ചിരുന്നു.  മുംബൈ ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം ടീം വിട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മല്‍സരത്തിനിടെ എതിര്‍ ടീമിലെ താരത്തെ അമിതമായി സ്ലഡ്ജ് ചെയ്തതോടെയാണ് യശസ്വിയെ രഹാനെ ഗ്രൗണ്ടില്‍ നിന്ന് മടക്കി അയച്ചത്. താന്‍ മടക്കി അയച്ചില്ലായിരുന്നുവെങ്കില്‍ യശസ്വിക്കെതിരെ അംപയര്‍മാര്‍ കടുത്ത നടപടി സ്വീകരിച്ചേനെയെന്നും താരത്തിന്‍റെ പെരുമാറ്റം ശരിയായില്ലെന്നും രഹാനെ പിന്നീട് വിശദീകരിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Indian cricketer Yashasvi Jaiswal is rumored to be in a relationship with British student Maddy Hamilton. A heartfelt Instagram post featuring Maddy and her brother has sparked speculations about their three-year-long romance.