ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ നാണക്കേടൊന്നും തോന്നുന്നില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. ഏറ്റവും വൃത്തിയായി ക്രിക്കറ്റ് കളിക്കുക എന്നതാണ് രാജ്യം തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുകയല്ലെന്നും റിസ്വാന്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് റിസ്വാന്റെ പ്രതികരണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു താരം.
'പരിഹാസങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല, സംസാരിക്കുന്ന കാര്യങ്ങള്‍ ഏറ്റവും സത്യസന്ധമായി ഹൃദയത്തില്‍ തൊട്ടാണ് സംസാരിക്കുന്നതെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.ഇംഗ്ലീഷ് വശമില്ല എന്നത് സത്യമാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതിനാലാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റാത്തത്. അതില്‍ വിഷമവുമുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതിന്‍റെ പേരില്‍ നാണക്കേടൊന്നും തോന്നുന്നില്ല'- മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.
'എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കുക എന്നതാണ് അല്ലാതെ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയെന്നതല്ല.എന്തുവിലകൊടുത്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും അതിന്‍റെ പ്രാധാന്യം എത്രത്തോളമെന്നും ജൂനിയേഴ്സിനോട് പറഞ്ഞുകൊടുക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ അവരുടെ ഇംഗ്ലീഷ് കുറച്ചുകൂടെ നന്നാകും. രാജ്യത്തിന് ഇംഗ്ലീഷാണ് വേണ്ടതെങ്കില്‍ ഇംഗ്ലീഷ് പഠിച്ച് പ്രഫസറായി തിരിച്ചുവരാം. എന്നാല്‍ രാജ്യം എന്നോട് ക്രിക്കറ്റ് കളിക്കാനാണ് ആവശ്യപ്പെടുന്നത്'-താരം വിശദീകരിച്ചു.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ നായകനാണ് മുഹമ്മദ് റിസ്വാന്‍. ചാംപ്യന്‍സ് ട്രോഫിയിലും ന്യൂസീലാന്‍ഡ് പര്യടനത്തിലും ടീമിന്‍റെ മോശം പ്രകടനത്തില്‍ താരം സമ്മര്‍ദത്തിലായിരുന്നു. അതിനിടെ പിഎസ്‍എല്‍ ആരംഭിച്ചാല്‍ ആരാധകര്‍ ഐപിഎല്‍ കാണുന്നത് നിര്‍ത്തുമെന്ന അവകാശവാദവുമായി കറാച്ചി കിങ്സ് പേസര്‍ ഹസന്‍ അലി രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് രണ്ട് ലീഗുകളും ഒരേ സമയം നടക്കുന്നത്.