TOPICS COVERED

ബെര്‍ണാബ്യുവില്‍ 90 മിനിറ്റ് എന്നത് ഒരു നീണ്ട സമയമാണ്...' സാന്‍ സിറോയില്‍ നടന്ന 1984-85 സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് സെമീ ഫൈനലിന്റെ ആദ്യ പാദം 2-0 ലീഡോടെ അവസാനിപ്പിച്ച ഇന്‍റര്‍ മിലാനിനോട് ഇങ്ങനെയായിരുന്നു റയല്‍ ഇതിഹാസം ജുവാനിറ്റോയുടെ മുന്നറിയിപ്പ്...ജുവനിറ്റോയുടെ അന്നത്തെ ആ മുന്നറിയിപ്പില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 88ാം മിനിറ്റ് വരെ 1-0ന് മുന്‍പില്‍ നിന്ന് ബയേണിനോട് ആരാഞ്ഞാല്‍ മതിയാവും...ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ ഈ അത്ഭുതം കാണിക്കല്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല..തിരിഞ്ഞുനോക്കിയാല്‍ ഫുട്ബോള്‍ ലോകത്തെ ത്രസിപ്പിച്ച് തിരിച്ചുവരവുകള്‍ ഒരുപിടിയുണ്ട് റയലിന്റെ ചരിത്രത്തില്‍...

93ാം മിനിറ്റിലെ റാമോസിന്റെ ഹെഡ്ഡര്‍

2013-14 സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മാഡ്രിഡ് ഡെര്‍ബി എന്ന പേരില്‍ മാത്രമല്ല ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചിലേറ്റുന്നത്. 93ാം മിനിറ്റിലാണ് കളി അധിക സമയത്തേക്ക് നീട്ടാന്‍ പാകത്തില്‍ റയലിന്റെ സമനില ഗോള്‍ എത്തിയത്. മോ‍ഡ്രിച്ചിന്റെ അസിസ്റ്റില്‍ റാമോസിന്റെ ഗോള്‍. പിന്നെ വന്ന അധിക സമയത്ത് 30 മിനിറ്റില്‍ റയല്‍ അടിച്ചുകൂട്ടിയത് മൂന്ന് ഗോളുകള്‍. ബെയ്ലും, മാഴ്സെലോയും ക്രിസ്റ്റ്യാനോയും വല കുലുക്കിയപ്പോള്‍ 10ാം വട്ടം റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നെഞ്ച് തകര്‍ത്ത വരവ്

2021-22 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ റയലിന്റെ സെമി ഫൈനല്‍ മല്‍സരം. ത്രില്ലടിപ്പിക്കുന്ന തിരിച്ചുവരവുകളില്‍ ഒന്നായി ആ സെമി പോര് എഴുതിച്ചേര്‍ത്താണ് കലാശപ്പോരിലേക്ക് റയല്‍ എത്തിയത്. സെമിയുടെ ആദ്യ പാദത്തില്‍ 4-3ന് സിറ്റി ജയം പിടിച്ചു. ബെര്‍ണാബ്യുവില്‍ നടന്ന രണ്ടാം പാദ സെമിയില്‍ 71ാം മിനിറ്റില്‍ സിറ്റിക്കായി മഹ്റസിന്റെ ഗോള്‍. ഫൈനലിലേക്ക് കടക്കാന്‍ സിറ്റിക്ക് പിന്നെ അതിജീവിക്കേണ്ടത് 17 മിനിറ്റ്. എന്നാല്‍ 90, 91 മിനിറ്റുകളില്‍ റോഡ്രിഗോയുടെ ഇരട്ട പ്രഹരം. 95ാം മിനിറ്റില്‍ ബെന്‍സെമയുടെ പെനാല്‍റ്റി. തോല്‍വി മുന്‍പില്‍ കണ്ടിടത്ത് നിന്ന് റയല്‍ ഉയര്‍ത്തെഴുന്നേറ്റ് പറന്നു...

ബെന്‍സെമയുടെ ചിറകിലേറി

മെസിയും നെയ്മറും എംബാപ്പെയും നിരന്ന പിഎസ്ജിക്കെതിരെ പ്രീക്വാര്‍ട്ടറില്‍. രണ്ടാം പകുതിയിലെ തിരിച്ചുവരവാണ് അന്‍സെലോട്ടിയുടെ സംഘം കരുതിവെച്ചിരുന്നത്. രണ്ടാം പാദ പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പകുതിയില്‍ 2-0ന് മുന്‍പിലായിരുന്നു പിഎസ്ജി. എന്നാല്‍ ഹാട്രിക്കോയെ അവിടെ ബെന്‍സെമ നിറഞ്ഞാടി. എംബാപ്പെയുടെ രണ്ട് ഗോളുകള്‍ ഓഫ്സൈഡില്‍ തട്ടി അകന്നെങ്കിലും ബെന്‍സെമയിലൂടെ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി അത് മാറി. 

Real Madrid come back matches: